മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണ്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ‘ബുള്ളറ്റിനേക്കാള്‍ ശക്തമാണ് ബാലറ്റ്’ എന്ന്. ഏതൊന്നിനെയും സ മൂഹത്തില്‍ നിന്നും തുടച്ചു നീക്കാന്‍ കഴിയുന്ന അതിശക്തമായ ഒന്ന്. ജനങ്ങള്‍ തീരുമാനിക്കുന്ന ദിനമാണ് ഇന്ന്. ഏകാധിപത്യ സ്വഭാവമോ, സ്വേച്ഛാധിപത്യ മാര്‍ഗമോ ജനങ്ങള്‍ക്കു മേല്‍ ഉണ്ടായി എന്നു ബോധ്യപ്പെട്ടാല്‍ ശിക്ഷ വിധിക്കുക ജനങ്ങള്‍ തന്നെയാണ്. അതാണ് ജനാധിപത്യം. രാജ്യം ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിച്ച്, മൂല്യങ്ങളെയും ജനാധിപത്യ പ്രക്രിയയെയും പിന്തുടര്‍ന്ന് നടത്തപ്പെടുന്ന തെരഞ്ഞെടുപ്പുകള്‍ ജനങ്ങളുടെ ആത്മധൈര്യമാണ് ഉയര്‍ത്തുന്നത്.
ഇന്ന് രാവിലെ ഏഴു മണി മുതല്‍ കേരളമാകെ ജനാധിപത്യത്തിന്റെ ആ ആത്മവിശ്വാസത്തിന്റെ അടയാളം ചാര്‍ത്തിക്കൊണ്ടിരിക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ് നിര്‍ബാധം തുടരുകയാണ്. ഇപ്പോള്‍ ആറ് മണിക്കൂര്‍ പിന്നിടുന്നു. ഇനി ശേഷിക്കുന്നത് അഞ്ചു മണിക്കൂര്‍ മാത്രം. കനത്ത പോളിംഗാണ് എല്ലായിടത്തും രേഖപ്പെടുത്തുന്നത്. ഓരോ മണിക്കൂറിലും പോളിംഗ് ശതമാനം കൂടിക്കൂടി വരുന്നുണ്ട്. പോളിംഗ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്നും സംസ്ഥാനത്തെ ആകെയുള്ള ട്രെന്‍ഡ് മനസ്സിലാകുമോ എന്ന് വിദഗ്ധര്‍ പോലും കാത്തിരിക്കുകയാണ്. 74.06 എന്ന പോളിംഗ് ശതമാനത്തിലാണ് എല്‍ഡിഎഫ് 2021-ല്‍ തുടര്‍ഭരണം ഉറപ്പിച്ചത്. ഇത്തവണ അത് കൂടുമോ ഇല്ലയോ എന്ന് കണ്ടറിയാം എന്തായാലും തിരഞ്ഞെടുപ്പ് മഹോത്സവത്തിന്റെ യഥാര്‍ത്ഥ ഫലം അറിയാന്‍ മെയ്-4ന് വോട്ടെണ്ണല്‍ വരെ കാത്തിരിക്കേണ്ടി വരും.
ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതകളില്‍ വി.എസ്. അച്യുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റിന്റെ അസാന്നിധ്യവും പെടുന്നുണ്ട്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ജനകീയ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാതെ ഒരു നിയമസഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുകയാണ്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിലെ വറ്റാത്ത ആവേശമായിരുന്ന വിഎസിന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ പൊതു തിരഞ്ഞെടുപ്പ്. 2025 ജൂലൈ 21ന് ആയിരുന്നു വിഎസ് ഓര്‍മയായത്. മുന്‍കാലങ്ങളില്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെ വേലിക്കകത്ത് വീട്ടില്‍ നിന്ന് പറവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തി വോട്ട് ചെയ്യുന്നത് പതിവാക്കിയിരുന്നു.
2019ല്‍ രോഗബാധിതനായതോടെ അദ്ദേഹത്തിന് അവസാന കാലത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാന്‍ നേരിട്ടെത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എല്ലാ തവണയും പറവൂരിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാറുണ്ട്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വിഎസ് എന്ന വിപ്ലവ സൂര്യന്റെ അസാന്നിധ്യം വലിയൊരു ശൂന്യതയാണ് ഇത്തവണ സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും വിപ്ലവസ്മരണകള്‍ ഇരമ്പുന്ന മണ്ണില്‍ പോളിങ് പുരോഗമിക്കുമ്പോള്‍ അത് ചരിത്രപരമായ മറ്റൊരു അധ്യായമായി മാറുകയാണ്. ജി. സുധാകരന്റെ പാര്‍ട്ടി വിട്ടുള്ള മത്സരം തൊട്ട്, മുന്നണിയുടെ ജയ പരാജയങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലം കൂടിയാണിത്.
അതേ സമയം, വോട്ടെടുപ്പ് നടക്കുന്ന ചില സ്ഥലങ്ങളില്‍ ചെറിയ തോതിലുള്ള ബുദ്ധിമുട്ടുകളും അനര്‍ത്ഥങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രശ്തരും താരങ്ങളും, രാഷ്ട്രീയ പ്രവര്‍ത്തഹകരുമെല്ലാം വോട്ടു ചെയ്യാന്‍ കുടുംബ സമേതം എത്തുന്നതും വാര്‍ത്തകളില്‍ നിറയുന്നുണ്ട്. തൃശൂര്‍ വാണിയംപാറയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ 63കാരന്‍ കുഴഞ്ഞുവീണു മരിച്ചത് ദുഖ വാര്‍ത്തയായി മാറി. കൊമ്പഴ രാമന്‍ചിറ സ്വദേശി വിനോദ് ആണ് മരിച്ചത്. പുറത്തിറങ്ങിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തില്‍ വീല്‍ചെയറില്‍ ഇരുത്തിയെങ്കിലും കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മഞ്ചേശ്വരത്ത് കള്ള വോട്ടെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കയ്യാറിലെ 128-ാം നമ്പര്‍ ബൂത്തിലായിരുന്നു കള്ളവോട്ടെന്ന് ആരോപണം ഉയര്‍ന്നത്. ബി.ജെ.പിയാണ് പരാതി നല്‍കിയത്. തൃശൂരില്‍ കോണ്‍ഗ്രസ് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ുണ്ടായി. തിരഞ്ഞെടുപ്പ് ജനങ്ങളുടെ വ്യക്തമായ വിധി പ്രസ്താവമാണെന്നും, എല്‍.ഡി.എഫ് സര്‍ക്കാരിനെ ജനങ്ങള്‍ പുറത്താക്കാന്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വോട്ടു ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
വടക്കാഞ്ചേരിയില്‍ കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം ഉയര്‍ന്നു. പാറപ്പറമ്പില്‍ സജീവിന്റെ വോട്ട് പോസ്റ്റല്‍ വോട്ടായി ചെയ്തെന്നാണ് പരാതി. വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ട് ചെയ്തതായി അറിയുന്നത്. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
















