ഗൂഗിൾപേ പുതിയതായി അവതരിപ്പിച്ച ‘യുപിഐ സർക്കിൾ’ അഥവാ ‘പോക്കറ്റ് മണി’ ഫീച്ചറിനെക്കുറിച്ച് വമ്പൻചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ, ഗൂഗിൾ പേയിലെ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിലെ പണം താനേ നഷ്ടപ്പെടുമെന്ന തരത്തിൽ ഒരു വോയിസ് നോട്ട് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഈ വോയിസ് നോട്ടിലെ കാര്യങ്ങൾ പൂർണമായും സത്യമല്ല. നിങ്ങളുടെ അനുവാദമില്ലാതെ ആർക്കും പണം തട്ടിയെടുക്കാൻ സാധിക്കാത്ത വിധം വളരെ സുരക്ഷിതമായാണ് ഗൂഗിൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.എന്താണ് യഥാർത്ഥത്തിൽ ഗൂഗിൾ പേയിലെ ഈ പുതിയ പോക്കറ്റ് മണി ഫീച്ചർ? ഇതിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ബാങ്ക് അക്കൗണ്ട് വേണ്ട, മക്കൾക്കും സുഹൃത്തുക്കൾക്കും ഇനി ‘പോക്കറ്റ് മണി’ നൽകാം
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഗൂഗിൾ പേ (Google Pay) യുപിഐ സർക്കിൾ (UPI Circle) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത് . ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണം നൽകാൻ സഹായിക്കുന്നതാണ് ഈ ‘പോക്കറ്റ് മണി’ സംവിധാനം. കുട്ടികൾക്കോ, പ്രായമായവർക്കോ, ജീവനക്കാർക്കോ ഒക്കെ ഇനി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് സുരക്ഷിതമായി പേയ്മെന്റുകൾ നടത്താം.
എന്താണ് യുപിഐ സർക്കിൾ?
ഒരു ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് (Primary User) തനിക്ക് വിശ്വസിക്കാവുന്ന അഞ്ച് പേരെ വരെ (Secondary Users) തന്റെ യുപിഐ സർക്കിളിൽ ചേർക്കാം. ഇവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പ്രൈമറി യൂസറുടെ അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രധാനമായ രണ്ട് രീതികൾ:
പൂർണ അധികാരം (Full Delegation): സെക്കൻഡറി യൂസർക്ക് മാസം 15,000 രൂപ വരെ പരിധി നിശ്ചയിച്ചു നൽകാം. ഓരോ തവണയും നിങ്ങളുടെ അനുവാദം ഇല്ലാതെ തന്നെ ഈ പരിധിക്കുള്ളിൽ അവർക്ക് പണം നൽകാനാകും.
ഓരോ ഇടപാടിനും അനുവാദം (Partial Delegation): ഇതിൽ സെക്കൻഡറി യൂസർ പണമടയ്ക്കുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് നോട്ടിഫിക്കേഷൻ വരും. നിങ്ങൾ ഓരോ തവണയും യുപിഐ പിൻ (UPI PIN) നൽകി അംഗീകരിച്ചാൽ മാത്രമേ പണം കൈമാറ്റം ചെയ്യപ്പെടൂ.
ജാഗ്രത! ‘പൈസ പോകുമെന്ന’ പ്രചാരണത്തിലെ വാസ്തവമെന്ത്?
യുപിഐ സർക്കിൾ വന്നതോടെ ഗൂഗിൾ പേയിൽ നിന്ന് താനേ പണം നഷ്ടപ്പെടുമെന്ന തരത്തിൽ ചില വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിൽ ഭയപ്പെടേണ്ട കാര്യമില്ല.
വാസ്തവം ഇതാണ്: നിങ്ങളുടെ അനുവാദമില്ലാതെ ആർക്കും നിങ്ങളുടെ യുപിഐ സർക്കിളിൽ കയറാനോ പണം എടുക്കാനോ കഴിയില്ല. നിങ്ങൾ നേരിട്ട് ഒരാളെ ‘സെക്കൻഡറി യൂസർ’ ആയി ആഡ് ചെയ്യുകയും നിങ്ങളുടെ യുപിഐ പിൻ അടിച്ച് അത് കൺഫോം ചെയ്യുകയും ചെയ്താൽ മാത്രമേ ഈ സംവിധാനം പ്രവർത്തിക്കൂ. അജ്ഞാതരായ ആർക്കും നിങ്ങളുടെ അക്കൗണ്ട് ഇത്തരത്തിൽ ഉപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ നിയന്ത്രണത്തിലാണ് എല്ലാ പരിധികളും (Limits).
ഇത് എങ്ങനെ സെറ്റ് ചെയ്യാം?
∙ഗൂഗിൾ പേ ഓപ്പൺ ചെയ്ത് Profile എന്നതിൽ ക്ലിക്ക് ചെയ്യുക.
∙UPI Circle എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
∙നിങ്ങൾക്ക് ചേർക്കേണ്ട വ്യക്തിയുടെ ഫോൺ നമ്പറോ ക്യുആർ കോഡോ (UPI Circle QR) ഉപയോഗിച്ച് അവരെ തിരഞ്ഞെടുക്കുക.
∙തുടർന്ന് അവർക്ക് ഓരോ തവണയും അനുവാദം വേണോ (Approve every payment) അതോ മാസ പരിധി വേണോ (Monthly Limit) എന്ന് നിശ്ചയിക്കുക.
∙ബന്ധപ്പെട്ട വിവരങ്ങൾ (Relationship, ID Number) നൽകിയ ശേഷം നിങ്ങളുടെ യുപിഐ പിൻ അടിച്ച് ഇൻവൈറ്റ് അയയ്ക്കുക.
∙സെക്കൻഡറി യൂസറുടെ ഫോണിലും ഗൂഗിൾ പേ ആപ്പ് ഉണ്ടായിരിക്കണം. കൂടാതെ അവരുടെ നമ്പർ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ സേവ് ചെയ്തിരിക്കുകയും വേണം.
∙ഡിജിറ്റൽ പേയ്മെന്റ് ലോകത്ത് വിപ്ലവകരമായ മാറ്റമായിരിക്കും ഈ ‘പോക്കറ്റ് മണി’ ഫീച്ചർ. സുരക്ഷിതമായി ഉപയോഗിച്ചാൽ കുട്ടികൾക്കും മറ്റും പണം നൽകാൻ ഇനി പഴ്സിൽ ചില്ലറ തപ്പേണ്ടി വരില്ല!
















