സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ക്രിയേറ്റേഴ്‌സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളില്‍ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് വാഴ. ചിത്രത്തിന്റെ വിജയത്തെത്തുടർന്ന് സിനിമയുടെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. 7 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബിൽ എത്തിയത്.
സിനിമയുടെ ചിത്രീകരണത്തിനായി ഹാഷിർ, വിനായകൻ, അലൻ, അജിൻ എന്നിവരടങ്ങുന്ന സംഘം യുകെയിലേക്ക് പറന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ, ലണ്ടനിൽ ഹാഷിറിന് അഭിനയിക്കാൻ സീനുകളൊന്നുമില്ലെന്ന വിവരം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചിലർ വിമർശനങ്ങളുമായി രംഗത്തെത്തി. ‘സീനില്ലെങ്കിൽ പിന്നെ എന്തിനാണ് ഹാഷിർ യുകെയിൽ പോയത്?’എന്നായിരുന്നു ചിലരുടെ ചോദ്യം.
ഇപ്പോഴിതാ വിമർശനത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സുധി സുരേന്ദ്രൻ. ഹാഷിറിന്റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സുധി എത്തിയത്. സെറ്റിൽ ഒരു പ്രഫഷനൽ ലൈറ്റ് ബോയിയെപ്പോലെ ലൈറ്റുകൾ ചുമന്നും യൂണിറ്റിനെ സഹായിച്ചും നിൽക്കുന്ന ഹാഷിറിന്റെ വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്. ‘ഇതാണ് നമ്മൾ പറഞ്ഞ നടൻ ഹാഷിർ. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിർ യുകെയിൽ വന്നതെന്ന്… ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്. നിന്നെക്കുറിച്ച് ഓർത്ത് ഞങ്ങൾക്ക് അഭിമാനമുണ്ട് സൂപ്പർസ്റ്റാർ ഹാഷിർ’, വീഡിയോ പങ്കുവെച്ചുകൊണ്ട് സുധി കുറിച്ചു.
സിനിമയിലെ ഹാഷിറിന്റെയും ഗ്യാങ്ങിന്റെയും പ്രകടനത്തിന് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് സിനിമയെന്നും ഇമോഷണൽ സീനുകൾ മികച്ചുനിൽക്കുന്നു എന്നും കമന്റുകളുണ്ട്. സോഷ്യൽ മീഡിയ സെൻസേഷനുകൾ ആയ ഹാഷിർ ആൻഡ് ഗ്യാങ്, അൽ അമീൻ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. ഇവർക്കൊപ്പം അൽഫോൻസ് പുത്രൻ, അജു വർഗീസ്, വിജയ് ബാബു എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്.
















