തെരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി ലസിൻ സബാദിനെതിരെയാണ് മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തത്.
നിലമ്പൂർ മണ്ഡലത്തിലെ കുറുമ്പലങ്കോട് ജിയുപി സ്കൂളിലെ 129-ാം നമ്പർ ബൂത്തിലായിരുന്നു സംഭവം. വോട്ട് രേഖപ്പെടുത്തുന്നതും പോളിങ് നടപടികളും ലസിൻ തന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. പോളിങ് സ്റ്റേഷനുകൾക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ദൃശ്യങ്ങൾ പകർത്തുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ കർശന വിലക്ക് ലംഘിച്ചായിരുന്നു ഇയാളുടെ നടപടി.
ബൂത്തിനകത്തെ ദൃശ്യങ്ങൾ യുവാവ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടു.
സൈബർ ക്രൈം ഇൻസ്പെക്ടർ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ നിലമ്പൂരിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
















