ഇടുക്കി ചെറുതോണിയിൽ മകനെ വഴക്കു പറഞ്ഞതിന് അധ്യാപകനെ വീട് കയറി ആക്രമിച്ചു പിതാവ്. പുഷ്പഗിരി മാക്കൽ ശരത് ശശിയാണ് (28) അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനെ (37) വീടിനുള്ളിൽനിന്നും വിളിച്ചറക്കി മർദിച്ചത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് ലിൻസ് ജോർജ്. ഒന്നാംക്ലാസിൽ പഠിക്കുന്ന തന്റെ മകനെ വഴക്കുപറഞ്ഞു എന്നാരോപിച്ചാണ് ലിൻസിനെ ശരത് മർദിച്ചത്. മദ്യലഹരിയിൽ ആയിരുന്നു മർദനം.
ലിൻസ് പണ്ട് ശരത്തിനേയും ട്യൂഷൻ പഠിപ്പിച്ചിട്ടുള്ളതാണ്. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുൻപിൽവെച്ചാണ് മർദിച്ചത്. ശരത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. ആക്രമണത്തിൽ ശരീരത്തിന് കാര്യമായി ക്ഷതമേറ്റ ലിൻസിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ശരത്തിനെതിരേ പോലീസ് കേസ് എടുത്തു.
















