നീരജ് മാധവും അൽത്താഫ് സലീമും പ്രധാന കഥാപാത്രങ്ങളായെത്തുന്ന’പ്ലൂട്ടോ’യുടെ ടീസർ പുറത്തുവന്നു. സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രമായാണ് ‘പ്ലൂട്ടോ’ ഒരുക്കിയിരിക്കുന്നത്. അൽതാഫ് സലിം ആണ് ചിത്രത്തിൽ അന്യഗ്രഹജീവിയുടെ വേഷത്തിൽ എത്തുന്നത്.
ആദിത്യൻ ചന്ദ്രശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘എങ്കിലും ചന്ദ്രിക’ എന്ന ചിത്രത്തിനു ശേഷം ആദിത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അജു വർഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു. ഒരു കമ്പ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും പ്ലൂട്ടോ എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഭൂമിയിലേക്ക് എത്തുന്ന ഏലിയനും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാകും ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് ടീസർ വ്യക്തമാക്കുന്നത്.
















