സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് വേഗത്തിൽ ഉയരുന്നു. അന്തരീക്ഷ താപനില 38 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും ഈർപ്പത്തിന്റെ സാന്നിധ്യം കാരണം ജനങ്ങൾക്ക് അനുഭവപ്പെടുന്ന ചൂട് 50 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയതായി റിപ്പോർട്ട്. വരും ദിവസങ്ങളിലും സമാനമായ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നതാണ് താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ പ്രധാന കാരണമെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫറിക് റഡാർ റിസർച് ഡയറക്ടർ വ്യക്തമാക്കി. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുകളിൽ സൂര്യൻ നേരിട്ട് പതിക്കുന്നതിനാൽ അൾട്രാവയലറ്റ് (UV) രശ്മികളുടെ തീവ്രത കൂടുതലാണ്. ഇതിനൊപ്പം മഴമേഘങ്ങളുടെ അഭാവവും വടക്കൻ അറബിക്കടലിൽ നിന്നുള്ള എതിർചക്രവാതവും ചൂടുകൂടിയ വായുസഞ്ചാരവും പ്രതിസന്ധി ഇരട്ടിയാക്കുന്നു.
അടുത്ത രണ്ട് ദിവസങ്ങളിൽ വയനാടും ഇടുക്കിയും ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില 36 ഡിഗ്രി സെൽഷ്യസിന് മുകളിലായിരിക്കും. എറണാകുളം ജില്ലയിൽ ഏപ്രിൽ 14, 15 തീയതികളിൽ ചൂട് 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാം. താപനില വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ എറണാകുളം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
















