മാറഞ്ചേരി കാഞ്ഞിരമുക്ക് അയ്യപ്പൻകാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ വൻ കവർച്ച നടന്നു. ക്ഷേത്രത്തിലെ പ്രധാന വിഗ്രഹത്തിൽ ചാർത്തുന്ന വെള്ളി മുഖക്കാപ്പ്, പൂജാ സാമഗ്രികൾ, ഭണ്ഡാരപ്പണം എന്നിവയുൾപ്പെടെ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടാക്കൾ കവർന്നത്. തിങ്കളാഴ്ച പുലർച്ചെ ക്ഷേത്രം ഭാരവാഹികൾ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ക്ഷേത്രത്തിന്റെ പിൻവശത്തെ ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ശ്രീകോവിൽ തുറക്കാൻ ഉപയോഗിക്കുന്ന താക്കോൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇത് കൃത്യമായി കണ്ടെത്തിയ കള്ളൻ, തന്ത്രപരമായി ശ്രീകോവിൽ തുറന്ന് അകത്തുകയറുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
















