കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിനതടവ്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനി ദേവിക്ക് (35) ആണ് കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ശിക്ഷ വിധിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ 25,000 രൂപ പിഴയും ഇവർ ഒടുക്കണം.
2025 ഏപ്രിൽ 21-നായിരുന്നു സംഭവം.കൊല്ലം ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയുടെ കൂടെ ഉറങ്ങിക്കിടക്കുകയായിരുന്നു മൂന്ന് വയസ്സുള്ള പെൺകുട്ടി. അർദ്ധരാത്രിയോടെ പ്രതിയായ ദേവി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം രാവിലെ അടൂരിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിൽ കുട്ടിയുമായി പ്രതി കയറി.
ബസ് കണ്ടക്ടറായ അനീഷ് ടിക്കറ്റ് എടുക്കാനായി എത്തിയപ്പോൾ കുട്ടി ഇദ്ദേഹത്തിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു. സംശയം തോന്നിയ അനീഷ് യുവതിയെ ചോദ്യം ചെയ്തതോടെയാണ് കള്ളം പുറത്തുവന്നത്. യുവതി തമിഴിൽ സംസാരിക്കുമ്പോൾ കുട്ടി മലയാളത്തിലാണ് പ്രതികരിച്ചത്. ഇവരുടെ പരസ്പരവിരുദ്ധമായ മറുപടികളിൽ സംശയം തോന്നിയ കണ്ടക്ടർ ബസ് പന്തളം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പന്തളം പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിൽ കുട്ടി കൊല്ലത്ത് നിന്ന് കാണാതായതാണെന്ന് വ്യക്തമായി. തുടർന്ന് കുട്ടിയെ കാണാതായ പരാതിയിൽ അന്വേഷണം നടത്തിയിരുന്ന കൊല്ലം ഈസ്റ്റ് പോലീസിന് പ്രതിയെയും കുട്ടിയെയും കൈമാറി.
















