മലയാള സിനിമയിൽ ഇതുവരെ കാണാത്ത ആനവേട്ടയുടെയും കാട്ടുകൊള്ളയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലർ വിഷുദിനത്തിൽ പുറത്തിറങ്ങി. ക്യൂബ്‌സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് മാസത്തിൽ തീയേറ്ററുകളിലെത്തും. പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ട്രയിലർ ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. ഒരു ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന് വേണ്ട എല്ലാ ചേരുവകളും കോർത്തിണക്കിയാണ് ട്രയിലർ ഒരുക്കിയിരിക്കുന്നത്.
പത്തിരുന്നൂറ് ആനകളെ കൊന്നു കൊമ്പു കടത്തിയ, സത്യമംഗലം കാട്ടിലെ ആനകൾ പോലും പതുങ്ങുന്ന ഒരു കാട്ടുകൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. “ആൻ്റെണി, നാം നെനച്ച മാതിരിയല്ലെ” എന്ന ട്രയിലറിലെ സംഭാഷണങ്ങൾ ആൻ്റെണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കരുത്തിനെ അടിവരയിടുന്നു. ആനവേട്ടക്കാരൻ എന്നതിനപ്പുറം ചില വ്യക്തിപരമായ പ്രതികാരങ്ങൾ കൂടി ആൻ്റെണിക്കുള്ളത് ചിത്രത്തെ കൂടുതൽ സംഘർഷഭരിതമാക്കുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ഹീറോയായി പെപ്പെ ഈ ചിത്രത്തിലൂടെ മാറുമെന്നാണ് ട്രയിലർ നൽകുന്ന സൂചന.
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള പ്രഗത്ഭരായ സാങ്കേതിക വിദഗ്ധരാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രവി ബ്രസൂർ സംഗീതവും, കെംബ കെച്ചടിക്ക ആക്ഷൻ കോറിയോഗ്രഫിയും നിർവ്വഹിക്കുന്നു. പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലൊരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിലായിട്ടാണ് മെയ് മാസത്തിൽ റിലീസ് ചെയ്യുന്നത്. രണദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ഉണ്ണി ആർ. ആണ്.
ജഗദീഷ്, സിദ്ദിഖ്, കബീർ ദുഹാൻ സിംഗ്, തുഷാര വിജയൻ, ആൻസൺ പോൾ, രാജ്കിരൺ ദാസ്, ഷോൺ ജോയ് എന്നിവർക്കൊപ്പം സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങളായ റാപ്പർജിനി, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ്, ഹിപ്സ്റ്റർ പ്രണവ് രാജ്, കോൾമീവെനം തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. തായ്‌ലൻഡ്, ഇടുക്കി, തേനി, മുംബൈ, പൂന, ചെന്നൈ, കൊച്ചി, രാമേശ്വരം തുടങ്ങിയ വിപുലമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയായത്.
വിനായക് ശശികുമാർ, സുഹൈൽ കോയ എന്നിവർ ഗാനരചനയും സുനിൽ ദാസ് കലാസംവിധാനവും നിർവ്വഹിക്കുന്നു. റോണക്സ് സേവ്യർ (മേക്കപ്പ്), ധന്യാ ബാലകൃഷ്ണൻ (കോസ്റ്റ്യൂം), അമൽ സി. സദർ (സ്റ്റിൽസ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡിപിൽ ദേവ് ക്രിയേറ്റീവ് പ്രൊഡ്യൂസറായും ജുമാന ഷെരീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരനാണ്. ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ക്യൂബ്സ് എൻ്റർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
















