ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യിലെ പുതിയ ഗാനത്തിനെതിരെ കനത്ത പ്രതിഷേധം. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച് അരിജിത് സിങും ശ്രേയാ ഘോഷാലും ആലപിച്ച ‘മംഗൾ രാഗ്’ എന്ന ഗാനമാണ് ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. രാമന്റെയും സീതയുടെയും പ്രണയവും ജീവിതവും പശ്ചാത്തലമാക്കിയെത്തിയ ഈ ഗാനത്തിനെതിരെ എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
രാമായണം പോലെയൊരു ഇതിഹാസത്തെ കുറിച്ചുള്ള സിനിമയില്‍ ഖവ്വാലി സംഗീതം ഉപയോഗിച്ചത് ശരിയല്ലെന്നാണ് വിമര്‍ശനം. ‘വാല്‍മീകിയുടെ രാമായണത്തിന് സൂഫികളുടെ ഖവ്വാലി സംഗീതം ചേര്‍ക്കുന്നത് ബോളിവുഡിന്റെ അജ്ഞതയാണ്.
സംസ്കാരത്തെ കുറിച്ചുള്ള വകതിരിവ് വട്ടപ്പൂജ്യം, ഗവേഷണവും പൂജ്യം. ചുമ്മാ ഒരു എല്ലാം കൂടി ഒരു മിക്സ്. ദയവ് ചെയ്ത് ഇതിഹാസ ചിത്രങ്ങളെ വെറും റോം–കോം തലത്തിലേക്ക് താഴ്ത്തരുത്’ എന്നായിരുന്നു ഒരാളുടെ പോസ്റ്റ്. ‘രാമായണത്തില്‍ ഖവ്വാലിയോ, അല്ലെങ്കിലും റഹ്മാന്‍ നിരാശപ്പെടുത്തുന്നതില്‍ ഒരിക്കലും പിന്നിലല്ല’ എന്നും ‘റഹ്മാന് തലയ്ക്ക് സ്ഥിരതയില്ലേ’ എന്ന് അപമാനിക്കുന്നവരുമുണ്ട്.
‘യേ തേരാ മേരാ രംഗ ഹെ, മംഗള് രംഗ് ഹെ എന്നാരംഭിക്കുന്ന പാട്ടിനൊപ്പം സന്ദന തെന്‍ട്രലേ’ എന്ന പാട്ട് ചേര്‍ത്താണ് എക്സില്‍ ട്രോളും രോഷവും നിറയുന്നത്. റഹ്മാന്‍റെ തന്‍റെ കുന്‍ ഫയ കുന്‍ എന്ന കോറസുമായും സംഗീതത്തിന് സാമ്യമുണ്ടെന്നും വാദമുയര്‍ന്നിട്ടുണ്ട്. രാമായണത്തിലെ ഒരു പാട്ടും ഇഷ്ടപ്പെട്ടില്ലെന്നും ആകെ ബിജിഎം മാത്രം കൊള്ളാമെന്നും മംഗള്‍ രംഗിന്‍റെ കാര്യം പറയാനില്ലെന്നും ആളുകള്‍ കുറിക്കുന്നു.
രാമായണം പോലൊരു ഇതിഹാസ ചിത്രത്തിന് സംഗീതമൊരുക്കാൻ അജയ്-അതുൽ അല്ലെങ്കിൽ ശങ്കർ-ഇഹ്സാൻ-ലോയ് തുടങ്ങിയ സംഗീതസംവിധായകരായിരുന്നു കൂടുതൽ അനുയോജ്യരെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ, രാകുൽ പ്രീത് സിംഗ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണം’ നവംബർ 5-നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിന് തൊട്ടുമുമ്പ് പുറത്തുവന്ന ഈ ഗാനവിവാദം ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.















