‘കരിക്ക്’ ടീം ബിഗ് സ്ക്രീനിലേക്ക്. വെബ് സീരീസിലൂടെ തരംഗമായ ‘കരിക്ക്’ ടീം ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. ഡോ. അനന്തുവും നിഖിൽ പ്രസാദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് തന്നെയാണ്. ‘കരിക്ക് സ്റ്റുഡിയോസ്’ എന്ന പേരിലാണ് ടീം ചലച്ചിത്ര നിർമാണത്തിലേക്ക് ചുവടുവയ്ക്കുന്നത്.
ഡോ അനന്തു പ്രൊഡക്ഷൻസുമായി ചേർന്നാണ് കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ സിനിമയെത്തുന്നത്. 2018-ൽ ആണ് നിഖിൽ പ്രസാദ് ‘കരിക്ക്’ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയത്. ‘കരിക്ക്’ വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും.
ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.
ഡോ അനന്തു പ്രൊഡക്ഷൻസിന്റെ മൂന്നാമത്തെ ചിത്രമാണിത്. ബേസിൽ ജോസഫിന്റെ ആദ്യ നിർമാണ സംരംഭമായ ‘അതിരടി’യുടെ സഹനിർമാതാവാണ് ഡോ അനന്തു പ്രൊഡക്ഷൻസ്. ടൊവീനോ തോമസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം ഈ വർഷം പ്രേക്ഷകരുടെ മുന്നിലെത്തും. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം മലയാളികൾക്ക് പ്രിയപ്പെട്ട കരിക്ക് കഥാപാത്രങ്ങളെ ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ.
















