മലയാളത്തിലെ എക്കാലത്തെയും മികച്ച മിലിട്ടറി ആക്ഷൻ ചിത്രമായ ‘കീർത്തിചക്ര’ മോഹൻലാലിനെക്കണ്ട് എഴുതിയ ചിത്രമല്ലെന്ന് സംവിധായകൻ മേജർ രവി.
മമ്മൂട്ടി കഥ കേട്ടിരുന്നെന്നും ബിജു മേനോനെ വച്ചും കീർത്തിചക്ര പ്ലാൻ ചെയ്തിരുന്നതായും മേജർ രവി പറഞ്ഞു. മോഹൻലാലിന്റെ ഡേറ്റ് ലഭിച്ച ശേഷമാണ് കഥാപാത്രത്തിനു മേജർ മഹാദേവൻ എന്ന പേരു നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംവിധായകനായ തനിക്ക് മമ്മൂട്ടി ഡേറ്റ് തരില്ലെന്ന് കരുതി. ചിത്രത്തിന് സംവിധായകനെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നുവെന്നും മേജർ രവി സെല്യുലോയിഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘പട്ടാളം സിനിമ ചെയ്യുന്ന സമയത്ത് മമ്മുക്ക അടക്കം ഈ കഥ കേട്ടു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു എന്നുള്ള കാര്യം എനിക്ക് മനസിലായില്ല. ഞാനൊരു പുതിയ ഡയറക്ടർ ആണ്. പുതിയ ഡയറക്ടർ മോഹൻലാലും മമ്മൂട്ടി ഒക്കെ ഡേറ്റ് കൊടുക്കുമോ എന്നുള്ള ഒരു തോന്നലുണ്ടായിരുന്നു. മമ്മൂക്ക പറഞ്ഞു നിങ്ങൾ അവനെ വെച്ചല്ലേ, ഞാൻ പറഞ്ഞു നിങ്ങളൊക്കെ എനിക്ക് ഡേറ്റ് തരുമോ ഈ പുതിയ ഡയറക്ടേഴ്സിന്. മമ്മൂക്ക ഒന്നും മിണ്ടിയില്ല. പിന്നെ അത് ബിജുമേനോനെ വെച്ച് ഞാൻ പ്ലാൻ ചെയ്തു പക്ഷെ അത് നടന്നില്ല. അവസാനം ബുക്ക് മടക്കി ഞാൻ പൂജാറൂമിൽ വെച്ചിട്ട് പിന്നീടാണ് ഒരു സന്ദർഭത്തിൽ അതെടുക്കുന്നത്. പിന്നീട് കാഞ്ഞങ്ങാട് വടക്കുംനാഥന്റെ ലൊക്കേഷനിൽ ചെന്നിട്ടാണ് കഥ പറഞ്ഞ് മോഹൻലാലിന്റെ ഡേറ്റ് വാങ്ങിവരുന്നത്’ എന്നാണ് മേജർ രവിയുടെ വാക്കുകൾ.
കീർത്തിചക്രയിലെ മേജർ മഹാദേവൻ എന്നുള്ള പേര് നിർദേശിച്ചത് സംവിധായകൻ രഞ്ജിത്താണെന്നും മേജർ രവി പറഞ്ഞു. ‘മോഹൻലാൽ വന്നിട്ടാണ് കഥാപാത്രത്തെ മഹാദേവൻ എന്നാക്കിയത്. അതിനു മുന്നേ എന്താണ് പേര് എന്നുള്ളത് എനിക്ക് ഓർമ്മയില്ല. മോഹൻലാൽ യെസ് പറഞ്ഞതിനു ശേഷം രഞ്ജിത്തിനെ വിളിച്ചു. ശിവന്റെ പര്യായങ്ങളിൽ വെച്ചിട്ട് പറഞ്ഞപ്പോഴാണ് മഹാദേവൻ വന്നത്. അങ്ങനെയാണ് പ്രാസം ഒപ്പിച്ച് മേജർ മഹാദേവൻ എന്ന പേരിടുന്നത്’, എന്നും മേജര് രവി പറഞ്ഞു.
2006 ല് പുറത്തിറങ്ങിയ ‘കീർത്തിചക്ര’.മേജർ രവിയുടെ ആദ്യ സംവിധാന സംരംഭമായിരുന്നു ഇത്. കശ്മീരിലെ ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.















