വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലെ നിയമവ്യവസ്ഥയെയും ലഹരിമാഫിയയെയും രൂക്ഷമായി വിമർശിച്ച് നടി അനുശ്രീ.പൊട്ടിത്തെറിച്ചുകൊണ്ടാണ് താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരണം രേഖപ്പെടുത്തിയത്. ആർക്കും ആരെയും എന്തും ചെയ്യാമെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്നും നിയമങ്ങൾ ആർക്കുവേണ്ടിയാണെന്നും താരം ചോദിക്കുന്നു.
വിഴിഞ്ഞം സംഭവത്തിന്റെ ദൃശ്യങ്ങൾ തന്നെ വല്ലാതെ അസ്വസ്ഥമാക്കിയെന്ന് പറഞ്ഞാണ് അനുശ്രീയുടെ പോസ്റ്റ് ആരംഭിക്കുന്നത്. “എന്തു മൈ… ആണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തും ചെയ്യാം. തല്ലിയാലും കൊന്നാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ് ഇത്തരം ക്രിമിനലുകൾ ഇത്ര ലാഘവത്തോടെ അക്രമം കാട്ടുന്നത്. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ? ആർക്കുവേണ്ടിയാണത്?”- അനുശ്രീ കുറിച്ചു.
കേരളത്തിന്റെ ഇന്നത്തെ അവസ്ഥയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച നടി, ലഹരി ഉപയോഗത്തെയും ഇതിലേക്ക് വലിച്ചിഴച്ചു. കള്ളും കഞ്ചാവും അടിച്ചുകയറ്റി കാണിച്ചുകൂട്ടുന്ന ഇത്തരം തെമ്മാടിത്തരങ്ങൾ ‘ദൈവത്തിന്റെ സ്വന്തം നാടിന്’ നാണക്കേടാണെന്ന് താരം പരിഹസിച്ചു. നാട്ടിൽ നിയമങ്ങൾ പേരിന് മാത്രമായി ഒതുങ്ങുകയാണെന്നും കുറ്റവാളികൾക്ക് ഭയമില്ലാത്ത സാഹചര്യം അപകടകരമാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത്ത് നടുറോഡിൽ വെച്ച് യുവാവിനെ ഒരു സംഘം ക്രൂരമായി തല്ലിക്കൊന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
















