കോഴിക്കോട്: ആര്‍എംപിഐ പ്രവര്‍ത്തകനും കെ കെ രമ എംഎല്‍എയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായ ആര്‍ റിജുവിന് വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുമ്പോള്‍ പരിക്കേറ്റതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിവാദം. ബോംബ് നിര്‍മാണത്തിനിടെ റിജുവിന്റെ കൈപ്പത്തി അറ്റുവെന്ന് ഒരുവിഭാഗം സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ പ്രചാരണമാണ് വിവാദത്തിന് വഴിയൊരുക്കിയത്.
ഇതോടെ ഫെയ്സ്ബുക്ക് ലൈവില്‍വന്ന് റിജുതന്നെ കാര്യങ്ങള്‍ വിശദീകരിച്ചു.
ചൊവ്വാഴ്ച വൈകീട്ടാണ് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ വീട്ടില്‍ കുടുംബാംഗങ്ങളുമൊന്നിച്ച് വിഷു ആഘോഷിക്കുമ്പോള്‍ റിജുവിന് അപകടം സംഭവിച്ചത്. വലതുകൈയിലെ വിരലിലാണ് പരിക്ക്. തുടര്‍ന്ന് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ചയാണ് റിജുവിന് ബോംബ് നിര്‍മാണത്തിനിടെ പരിക്കേറ്റെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ തുടങ്ങിയത്. ഇതോടെ ഇതിനെതിരേ ആര്‍എംപിഐ രംഗത്തെത്തി.
















