കൊല്ലം പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ആശുപത്രിയിലെ ഫാർമസിക്ക് സമീപമുള്ള പരിസരത്താണ് ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി വളരുന്നതായി കണ്ടെത്തിയത്. പുനലൂർ എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ചെടി കണ്ടെത്തി പിടിച്ചെടുത്തത്.
ആശുപത്രി വളപ്പിൽ ഇത്തരത്തിൽ ലഹരിമരുന്ന് സസ്യങ്ങൾ നട്ടുപിടിപ്പിച്ചത് ആരാണെന്നത് സംബന്ധിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
















