നടിയും അവതാരകയുമായ പാർവതി കൃഷ്ണയുടെ ഫെയ്‌സ് യോഗ പരിശീലന ക്ലാസുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം രൂക്ഷമാകുന്നു. ഫെയ്സ് യോഗ പരിശീലക കൂടിയായ നടിയുടെ യോഗയുമായി ബന്ധപ്പെട്ട വിഡിയോകൾ തട്ടിപ്പാണെന്നാണ് ഉയരുന്ന വിമർശനം. ഫെയ്സ് യോഗ എന്നത് അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാണിച്ചും താരത്തെ വിമര്‍ശിച്ചും ഒട്ടേറെപ്പേര്‍ രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ വിമർശനങ്ങൾക്ക് മറുപടിയുമായി താരം തന്നെ രംഗത്തെത്തി.
നായ്ക്കൾ കുരയ്ക്കുന്ന ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് പാർവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘കുരയ്ക്കുന്നവർ കുരയ്ക്കട്ടെ’ എന്ന മറുപടിയാണ് വിമർശകർക്കായി താരം നൽകിയത്. ശാസ്ത്രീയ പദങ്ങളുപയോഗിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന പാർവതി, സത്യത്തിൽ സ്യൂഡോ സയൻസാണ് പ്രചരിപ്പിക്കുന്നതെന്നാണ് വിമർശനം.
ഫെയ്‌സ് യോഗയിലൂടെ മുഖത്തിന്‍റെ ആകൃതി മാറ്റിയെടുക്കാനാവുമെന്നും മുഖത്തെ പേശികളുടെ ചലനത്തിലൂടെ ജോ ലൈൻ അഥവാ താടിയെല്ല് ഉണ്ടാക്കിയെടുക്കാനുകുമെന്നുമാണ് പാർവതി തന്റെ വിഡിയോകളിലൂടെ അവകാശപ്പെടുന്നത്. സ്വന്തം മുഖത്തിന്റെ മാറ്റങ്ങൾ തെളിവായി കാണിച്ചുകൊണ്ടാണ് അവർ തന്റെ ഫെയ്‌സ് യോഗ ക്ലാസിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
എന്നാൽ മുഖത്തെ പേശികളുടെ ചലനത്തിലൂടെ ഒരു മാറ്റം സാധ്യമല്ലെന്നും യോഗയുമായി ഫെയ്‌സ് യോഗയ്ക്ക് ഒരു ബന്ധവും ഇല്ലെന്നും തികച്ചും അശാസ്ത്രീയമാണിതെന്നുമാണ് വിമർശകരുടെ വാദം.
അതേസമയം താൻ ആയിരക്കണിക്കിന് ആളുകളെ ഫെയ്സ് യോഗ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അവർക്കൊക്കെയും റിസൾട്ട് കിട്ടിയിട്ടുണ്ടെന്നുമാണ് പാർവതിയുടെ അവകാശവാദം. എന്നാൽ ഇതൊക്കെയും പാർവതിയുടെ മാത്രം കണ്ടെത്തലാണെന്നും ശാസ്ത്രീയമായ ഒരു തെളിവും ഈ ഫലങ്ങൾക്കൊന്നും ഇല്ലെന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയമായി ഒരു അടിസ്ഥാനവും ഇല്ലാത്ത ഈ കാര്യങ്ങളിൽ പോയി വെറുതെ തല വയ്ക്കാതിരിക്കുക എന്നും പാർവതിയുടെ പ്രേക്ഷകരെ വിമർശകർ ഓർമിപ്പിക്കുന്നു.
അതേസമയം ഫെയ്സ് യോഗ പരിശീലനവുമായി പാർവതി ഇപ്പോഴും സജീവമാണ്. ഒരു മാസം നീണ്ടു നിൽക്കുന്ന പരിശീലന ക്ലാസിൽ പത്ത് പേർക്ക് സൗജന്യമായി ക്ലാസ് നൽകാമെന്നൊരു പോസ്റ്റും കഴിഞ്ഞ ദിവസം താരം പങ്കുവച്ചിരുന്നു.
















