സുഹൃത്തിനെ തലയ്ക്കടിച്ചു വീഴ്ത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രവാസി മലയാളി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷഫീഖ് (40) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ സുഹൃത്ത് പ്രശാന്തൻ ചികിത്സയിലാണ്.
വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഷഫീഖും പ്രശാന്തനും. വിദേശത്തുനിന്നും അടുത്തിടെ നാട്ടിലെത്തിയ ഷഫീഖ് തുടങ്ങാൻ പോകുന്ന പുതിയ കടയുടെ വയറിംഗ് ജോലികൾ ഏറ്റെടുത്തിരുന്നത് പ്രശാന്തനായിരുന്നു. ഇന്ന് രാവിലെ പ്രശാന്തന്റെ വീട്ടിലെത്തിയ ഷഫീഖ്, അദ്ദേഹം വരുന്നതുവരെ അവിടെ കാത്തിരുന്നു. പ്രശാന്തൻ എത്തിയ ഉടൻ തന്നെ മേശപ്പുറത്തിരുന്ന ചുറ്റിക ഉപയോഗിച്ച് ഷഫീഖ് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
സുഹൃത്തിനെ പരിക്കേൽപ്പിച്ച ശേഷം സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാനായിരുന്നു ഷഫീഖിന്റെ ശ്രമം. റെയിൽവേ പാളം മുറിച്ചുകടന്ന് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ തട്ടിയത്. അപകടസ്ഥലത്തുവെച്ച് തന്നെ ഷഫീഖ് മരണപ്പെട്ടു.വിവരമറിഞ്ഞെത്തിയ വളപട്ടണം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.















