കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോയോളം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40) അറസ്റ്റിലായി.
ലഹരിക്കടത്തിന് സഹായം നൽകിയെന്ന സംശയത്തിൽ കരിപ്പൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ ഡി.ആർ.ഐ സംഘം വിമാനത്താവളത്തിലെ എയ്ഡ്‌പോസ്റ്റ് വളഞ്ഞ് കസ്റ്റഡിയിലെടുത്തു.
മസ്കറ്റിൽ നിന്നും ഒമാൻ എയർ വിമാനത്തിലാണ് ഹാരിസ് കരിപ്പൂരിലെത്തിയത്. ഇയാളുടെ ബാഗേജിലെ ചോക്ലേറ്റ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 1.58 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന്.
കൃത്യമായ രഹസ്യവിവരത്തെത്തുടർന്ന് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഡി.ആർ.ഐ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്നു.
പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ കരിപ്പൂർ സ്റ്റേഷനിലെ പോലീസുകാരനുമായി നിരന്തരം ബന്ധപ്പെട്ടതിന്റെ സൂചനകൾ ലഭിച്ചു. തുടർന്ന് പുറത്ത് കാത്തുനിന്ന രണ്ടാമത്തെ ഡി.ആർ.ഐ സംഘം പോലീസ് എയ്ഡ്‌പോസ്റ്റ് വളയുകയായിരുന്നു.
















