സംവിധായകൻ പ്രിയദർശൻ നടൻ മോഹൻലാൽ നായകനാകുന്ന തന്റെ 100-ാം ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചതാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കുമെന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. 12 പാട്ടുകൾ ചിത്രത്തിൽ ഉണ്ടാകുമെന്നും പ്രിയദർശൻ പറഞ്ഞു.
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമാണ്. പ്രമേയം സങ്കീർണമാണ്. ഒരുപാട് സമയം ആവശ്യമായി വരും. ആക്ഷന് പ്രാധാന്യമുള്ള വാണിജ്യ സിനിമയായി തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. 12 പാട്ടുകളുണ്ടാവും. കർണാടക സംഗീതജ്ഞരായ അച്ഛന്റെയും മകന്റെയും കഥയാണ് പറയുന്നതെന്നും പ്രിയദർശൻ വെളിപ്പെടുത്തി.
മോഹൻലാലിന്റെ അച്ഛന്റെ വേഷം ചെയ്യാൻ പുതുമുഖത്തെ തേടുകയാണെന്ന് സംവിധായകൻ അറിയിച്ചു. കർണാടക- ഹിന്ദുസ്ഥാനി സംഗീതത്തിലും കഥകളിയിലും അവഗാഹമുള്ള പ്രായമായ ഒരാളെയാണ് തേടുന്നത്. സാധാരണയായി കഥകളിക്കാർ നടന്മാരും ഗായകരുമായിരിക്കും. അച്ഛൻ കഥാപാത്രത്തെ കണ്ടെത്താനാണ് ബുദ്ധിമുട്ട്. എസ്.പി. ബാലസുബ്രഹ്‌മണ്യം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തോട് ആ വേഷം ചെയ്യാൻ അഭ്യർഥിച്ചേനേയെന്നും പ്രിയദർശൻ പറഞ്ഞു.
ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. ആന്റണി പെരുമ്പാവൂർ നിർമാതാവായ ചിത്രത്തിൽ ബിനു ജോർജ് അലക്‌സാണ്ടർ സഹനിർമാതാവാണ്. ജീത്തു ജോസഫ് സംവിധാനംചെയ്ത ‘ദൃശ്യം 3’-യാണ് പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം. മഹേഷ് നാരായണന്റെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും റിലീസിനൊരുങ്ങുന്നുണ്ട്.
തരുൺ മൂർത്തിയുടെ സംവിധാനത്തിലുള്ള ‘അതിമനോഹരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുരോഗമിക്കുകയാണ്. അതിനിടെ രജനീകാന്തിന്റെ ‘ജയിലർ 2’, പൃഥ്വിരാജ് നായകനാകുന്ന ‘ഖലീഫ’, മകൾ വിസ്മയയുടെ അരങ്ങേറ്റച്ചിത്രം ‘തുടക്കം’ എന്നിവയിൽ മോഹൻലാൽ അതിഥി വേഷത്തിലുണ്ട്.
















