സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. പാലക്കാട് ജില്ലയിൽ കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്നു, ഫിസിക്കൽ വിദ്യാഭ്യാസം പാടില്ല എന്നാണ് തീരുമാനമെന്ന് പാലക്കാട് കളക്ടർ അറിയിച്ചു. അങ്കണവാടികളിൽ നിയന്ത്രണമില്ല. അങ്കണവാടികളിൽ കുട്ടികളെ അയയ്ക്കണോ എന്നത് മാതാപിതാക്കൾക്ക് തീരുമാനിക്കാം.
മാറ്റിവയ്ക്കാനാകാത്ത പരീക്ഷകളുണ്ടെങ്കിൽ ചൂടിനെ അതിജീവിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയ ശേഷം നടത്താമെന്നും കളക്ടർ അറിയിച്ചു. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് ഉയരാം.ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് 36ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ കിട്ടിയേക്കും.
Story Highlights : heat wave continues in kerala
















