കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നിഗൂഢതയുണ്ടെന്നും നീതിപൂർവമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തു. 53 ദളിത് സംഘടനകൾ ചേർന്ന് രൂപീകരിച്ച നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിതിൻ രാജിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഗൗരവകരമായ വെളിപ്പെടുത്തലുകളാണ് സണ്ണി എം കപ്പിക്കാട് വാർത്താ സമ്മേളനത്തിൽ നടത്തിയത്. മെഡിക്കൽ കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ, അത്രയും ഉയരത്തിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ സംഭവിക്കാവുന്ന തരത്തിലുള്ള മുറിവുകളോ മൃതദേഹത്തിൽ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇത് കേസ് വഴിതിരിച്ചുവിടാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
നിലവിലെ പോലീസ് അന്വേഷണം തികഞ്ഞ പരാജയമാണെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. സുരേഷ് കുറ്റപ്പെടുത്തി. ലോൺ ആപ്പ് തട്ടിപ്പ് കേസിലെ പ്രതികളെ പിടികൂടാൻ കാണിച്ച ഉന്മേഷം ഈ കേസിൽ പോലീസ് കാണിക്കുന്നില്ല. നിലവിൽ പ്രതിപ്പട്ടികയിലുള്ള ഡോ. റാം, ഡോ. സംഗീത എന്നിവർ ഒളിവിലാണെന്ന് പറയുമ്പോഴും അവരെ പിടികൂടാൻ ഗൗരവമായ ശ്രമം നടക്കുന്നില്ല. കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, നിലവിലെ അന്വേഷണത്തിൽ അട്ടിമറിക്ക് സാധ്യതയുള്ളതിനാൽ ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പുതിയ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഭാവിയിൽ മികച്ച ഡോക്ടറാകേണ്ടിയിരുന്ന ഒരു ദളിത് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെട്ട സാഹചര്യത്തിൽ, ഉത്തരവാദികളായ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന്റെ അഫിലിയേഷൻ അടിയന്തരമായി റദ്ദാക്കണമെന്ന് ആക്ഷൻ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സമിതി ആവശ്യപ്പെടുന്നു.നീതിക്കായുള്ള പോരാട്ടത്തിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് 28-ലെ ഹർത്താൽ സംഘടിപ്പിക്കുന്നത്. ഈ പ്രക്ഷോഭത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് സണ്ണി എം. കപ്പിക്കാട് അഭ്യർത്ഥിച്ചു.
















