പ്രസവത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ബിഗ് ബോസ് താരവും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതി നൽകി ഡോക്ടർ. ആരോഗ്യവകുപ്പിലെ മെഡിക്കല്‍ ഓഫീസറായ ഡോ.കെ പ്രതിഭയാണ് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്.
പ്രസവം സങ്കീര്‍ണമാക്കിയത് ആശുപത്രികളാണെന്ന വസ്തുതാ വിരുദ്ധ പരാമര്‍ശം സമൂഹത്തില്‍ പ്രചരിപ്പിക്കുക എന്ന വ്യാജ പ്രചരണം നടത്തിയ അഖില്‍ മാരാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതി. വീട്ടിലെ പ്രസവം നിരുത്സാഹപ്പെടുത്താന്‍ മാര്‍ഗരേഖ ആവശ്യപ്പെട്ട് നിയമപോരാട്ടം നടത്തുന്ന മെഡിക്കല്‍ ഓഫീസറാണ് കെ പ്രതിഭ.
സ്ത്രീകള്‍ വളരെ ഈസിയായും കൂളായും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവം എന്നും ആശുപത്രികളാണ് പ്രസവം സങ്കീര്‍ണ്ണമാക്കിയത് എന്നുമായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്. അഖിലിന്റെ പരാമര്‍ശത്തിനെതിരെ സൈബര്‍ ഇടങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ശക്തമാകവെയാണ് നിയമനടപടി ആവശ്യപ്പെട്ട് ഡോക്ടര്‍ രംഗത്തെത്തിയത്.
”ഒരുകാലത്ത് സ്ത്രീകള്‍ വളരെ കൂളായി ചെയ്തിരുന്നതായിരുന്നു പ്രസവം. പണ്ടൊക്കെ തമാശയായി ചിലര്‍ പറയുന്നത് കേള്‍ക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് പോയി രണ്ട് കിലോ അരി ഇടിച്ചിട്ട് അവിടെ വച്ചിട്ടുണ്ടെന്ന്. ഇത്രയും നിസാരമായി, സ്ത്രീകള്‍ വളരെ ആസ്വദിച്ച് ചെയ്തിരുന്ന പ്രോസസിനെ കുറേ ആശുപത്രികള്‍ വന്ന് രക്ഷകര്‍ത്താക്കളെ സമ്മര്‍ദ്ധത്തിലാക്കി അതോടെ ആധി കൂടി ഗര്‍ഭിണിയായാല്‍ തന്നെ തനിക്ക് എന്തോ മാരകരോഗമാണെന്ന് ഒരു പെണ്‍കുട്ടിയുടെ മനസിലേക്ക് ഇട്ടു കൊടുത്ത്, പേടിപ്പിച്ച് പേടിപ്പിച്ച് 9 മാസം പ്രസവിക്കാനും പറ്റാതെ സിസേറിയന്‍ ആക്കി ആകെ കോംപ്ലിക്കേറ്റഡ് ആക്കി.” എന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.
യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഖില്‍ മാരാരുടെ പരാമര്‍ശം. വിഡിയോ വൈറലായതോടെ താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ അഖില്‍ മാരാര്‍ വിശദീകരണവുമായി എത്തിയിരുന്നു.
















