കണ്ണൂർ ഗവ. ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശേരി സെഷൻസ് കോടതി മറ്റന്നാൾ വിധി പറയും. കേസിലെ പ്രതികളായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരുടെ ജാമ്യഹർജിയിലാണ് വാദം പൂർത്തിയായത്.
സംഭവദിവസം ഉച്ചയ്ക്ക് നിതിൻ പ്രിൻസിപ്പലിന്റെ ക്യാബിനിൽ എത്തിയപ്പോൾ ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ലോൺ ആപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രിൻസിപ്പലുമായി സംസാരിച്ചത്. നിതിനുമായി ഡോ. റാം അവസാന നിമിഷം സംസാരിച്ചിട്ടില്ലെന്നും ഒരു മാസം മുൻപ് അധിക്ഷേപിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അഭിഭാഷകൻ പറഞ്ഞു. കൂടാതെ, ജാതി അധിക്ഷേപം നടന്നിട്ടില്ലെന്ന് മറ്റ് വിദ്യാർത്ഥികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയ ശേഷമാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഡോ. റാമുമായി പ്രശ്നങ്ങളുള്ള കാര്യം നിതിൻ പ്രിൻസിപ്പലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. നിതിൻ സഹതാപത്തിന് വേണ്ടി കെട്ടിടത്തിൽ നിന്ന് ചാടിയതാണെന്ന് ഡോ. റാം പരിഹസിച്ചതായി സഹപാഠിയുടെ മൊഴിയുണ്ട്. മറ്റൊരു അധ്യാപികയെക്കൊണ്ട് നിതിനെതിരെ പരാതി കൊടുപ്പിച്ചത് ഡോ. റാമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കേസിൽ മറ്റന്നാൾ വരുന്ന കോടതി വിധി അധ്യാപകർക്കും കോളേജ് അധികൃതർക്കും നിർണ്ണായകമാകും.
















