നിയമക്കുരുക്കിൽ അകപ്പെട്ട വിക്രം- ഗൗതം മേനോൻ ചിത്രം ‘ധ്രുവനക്ഷത്രം’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി വാക്കാലുള്ള വാദംകേൾക്കൽ അവസാനിപ്പിച്ചു. ഇനി 24-ന് ഉത്തരവു പുറപ്പെടുവിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവനക്ഷത്രം’ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നൂലാമാലകളിൽ കരുങ്ങി കുറേവർഷമായി റിലീസ് വൈകുകയായിരുന്നു. തങ്ങളുടെ കൈയിൽനിന്നു വാങ്ങിയ പണത്തിന്റെ കുടിശ്ശിക തീർക്കുന്നതുവരെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് 2023-ൽ കെ. പുണ്യമൂർത്തി, കെ. പ്രേംകുമാർ എന്നിവർ കോടതിയെ സമീപിക്കുകയായിരുന്നു.
2017-ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോവിഡ് മഹാമാരിയിൽ കുറച്ചുകാലം പ്രശ്നങ്ങൾ നേരിട്ടു. 2023-ൽ ചിത്രീകരണം പൂർത്തിയാകുമ്പോഴേക്കും ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുപോയി. എന്നാൽ, പണമിടപാടു വിഷയത്തിൽ 2023-ൽ പുണ്യമൂർത്തിയും പ്രേംകുമാറും കോടതിയിലെത്തി. പലവട്ടം റിലീസ് തീയതി പ്രഖ്യാപിച്ചുവെങ്കിലും പുറത്തിറക്കാനായില്ല. ഐശ്വര്യ രാജേഷ്, വിനായകൻ, ഋതുവർമ, പാർഥിപൻ, സിമ്രാൻ, രാധിക ശരത്കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
















