വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയില്‍ തെലുങ്ക് നടിയും ബിഗ് ബോസ് താരവുമായ അഷു റെഡ്ഡിയെന്ന വെങ്കട അശ്വിനി റെഡ്ഡിയ്‌ക്കെതിരെയും കുടുംബത്തിനെതിരേയും കേസ്. തന്റെ മകന്‍ ധര്‍മേന്ദ്രയില്‍ നിന്നും 9.35 കോടി രൂപ തട്ടിയെന്നാണ് ഹൈദരാബാദ് സ്വദേശിയായ യെനുമുല സത്യനാരായണ മൂര്‍ത്തിയുടെ പരാതി.
പരാതി പ്രകാരം 2018 ലാണ് അഷു റെഡ്ഡിയും ധര്‍മേന്ദ്രയും പരിചയപ്പെടുന്നത്. പൊതു സുഹൃത്തുക്കള്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഈ സമയം ധര്‍മേന്ദ്ര വിവാഹ മോചനത്തിലൂടെ കടന്നു പോവുകയായിരുന്നു. ഇത് അറിഞ്ഞു കൊണ്ടു തന്നെ അഷു റെഡ്ഡി ധര്‍മേന്ദ്രയ്ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും തുടര്‍ന്ന് പല ആവശ്യങ്ങള്‍ക്കുമായി അദ്ദേഹത്തില്‍ നിന്നും പണം കൈപ്പറ്റിയിരുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
പണത്തിന് പുറമെ കാറും സ്വര്‍ണവും മറ്റ് വസ്തുക്കളും നടി ധര്‍മ്മേന്ദ്രയില്‍ നിന്നും വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ 2020 ല്‍ ധര്‍മ്മേന്ദ്ര വിവാഹവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചപ്പോള്‍ അഷു എതിര്‍ത്തു. തര്‍ക്കം പരിഹരിക്കാനായി നടി ഹേമയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ 70 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് അഷു റെഡ്ഡി സമ്മതിക്കുകയും ബ്ലാങ്ക് ചെക്കുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇവ തിരികെ വാങ്ങുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
2020 നവംബറില്‍ നടിയുടെ കുടുംബം ഇടപ്പെടുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. 2020 മുതല്‍ 2025 വരെ ഇരുവര്‍ക്കുമിടയില്‍ വീണ്ടും സാമ്പത്തിക ഇടപാടുകളുണ്ടായി. നടിയ്ക്കായി ഫ്‌ളാറ്റ് വാങ്ങാന്‍ ധര്‍മ്മേന്ദ്ര 1.8 കോടി രൂപ അഡ്വാന്‍സ് ആയി നല്‍കി. അഞ്ച് കിലോ സ്വര്‍ണം വാങ്ങി നല്‍കി. നടിയുടെ സഹോദരി ദിവ്യ റെഡ്ഡിയും 50 ലക്ഷം രൂപ കൈപ്പറ്റിയതായാണ് പരാതിയില്‍ പറയുന്നത്. 2025 ജൂലൈയില്‍ നടി വീണ്ടും വിവാഹത്തില്‍ നിന്നും പിന്മാറിയെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കള്ളക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ക്രൈം നമ്പര്‍ 78/2026 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അശ്വിനി റെഡ്ഡി, പിതാവ് വെങ്കട കൃഷ്ണ കൊയ്യ, സഹോദരി ദിവ്യ റെഡ്ഡി, അമ്മ യശോദ റെഡ്ഡി എന്നിവരെ പ്രതി ചേര്‍ത്താണ് കേസ്. പ്രതികളും പരാതിക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തെളിവായി ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
















