പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ വിവിധയിടങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നതായി പരാതി. വോട്ടെടുപ്പിന് മുൻപേ തന്നെ രാഷ്ട്രീയ സംഘർഷങ്ങളാൽ ശ്രദ്ധയാകർഷിച്ച ഫാൾട്ട നിയോജകമണ്ഡലത്തിലാണ് പോളിംഗ് ദിനത്തിലും ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നത്. ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടൺ അമർത്താൻ കഴിയാത്ത വിധം ക്രമക്കേട് നടത്തിയെന്നാണ് പ്രധാന ആരോപണം.
ഫാൾട്ട മണ്ഡലത്തിലെ ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ബട്ടൺ ടേപ്പ് ഉപയോഗിച്ച് മറച്ച നിലയിലാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും അവർ പുറത്തുവിട്ടിട്ടുണ്ട്. ബിജെപിക്ക് പുറമെ സിപിഎം സ്ഥാനാർത്ഥിയുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണും ഇത്തരത്തിൽ ടേപ്പ് ഒട്ടിച്ച് പ്രവർത്തനരഹിതമാക്കിയ നിലയിലാണെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഈ സംഭവത്തിൽ സിപിഎം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വിവിധ ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സംഘടിതമായി വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്തുകയാണെന്ന് ബിജെപി സ്ഥാനാർത്ഥി ദേബാങ്‌ഷു പാണ്ഡ ആരോപിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് രേഖപ്പെടുത്താൻ വോട്ടർമാർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഫാൾട്ടയിൽ തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാനും യുപിയിലെ പോലീസ് ഉദ്യോഗസ്ഥനായ അജയ് പാൽ ശർമ്മയും തമ്മിൽ കഴിഞ്ഞ ദിവസമുണ്ടായ തർക്കം നിലനിൽക്കെയാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്.
ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം ആരംഭിച്ചു. വോട്ടിങ് യന്ത്രങ്ങളിൽ ബോധപൂർവം ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ പ്രസ്തുത ബൂത്തുകളിൽ റീപോളിംഗ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. കമ്മീഷന്റെ റിപ്പോർട്ടിനായി രാഷ്ട്രീയ പാർട്ടികൾ ഉറ്റുനോക്കുകയാണ്.
















