കായംകുളം എം.എസ്.എം കോളജ് ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ കെ.എം.അനില്‍ കുമാര്‍, അറബിക് വിഭാഗം അധ്യാപകരായ ഡോ.എസ്. ഫാറൂഖ്, അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ക്കെതിരെ കായംകുളം എം.എസ്.എം കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് സുഹൈല്‍ എന്ന കെ.എസ്.യു നേതാവ് വാട്‌സാപ്പ് സന്ദേശം വഴി ഭീഷണി മുഴക്കിയ സംഭവത്തില്‍ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
മതിയായ ഹാജര്‍ ഇല്ലാത്തതിനാല്‍ നിയമപരമായി കോളജില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന സുഹൈല്‍ നിലവില്‍ കെ എസ് യു ജില്ലാ സെക്രട്ടറി ആണ്. എ.കെ.പി.സി.ടി.എ അധ്യാപകര്‍ എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് സഭ്യേതരമായ ഈ ശബ്ദസന്ദേശം അയച്ചിട്ടുള്ളത്. അറബിക് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ സംഘടനകളുടെ കൊടികള്‍ വച്ചുകെട്ടുകയും രാഷ്ട്രീയമായ പകപോക്കലിന് തയ്യാറെടുക്കുകയും ചെയ്യുന്ന അന്തരീക്ഷം ആണ് കായംകുളം എം.എസ്.എം കോളജില്‍ നിലനില്‍ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. ജനവിധിയിലൂടെ ഭൂരിപക്ഷം നേടിയ ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ ആരംഭിച്ച ജനാധിപത്യ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തിലെ ക്യാമ്പസുകളില്‍ രാഷ്ട്രീയ വിദ്വേഷം പടര്‍ത്തുന്ന തരത്തിലുള്ള ഹിംസാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒരു കലാലയത്തിന്റെ അന്തരീക്ഷം ആണ് നശിപ്പിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ടുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം അധ്യാപകര്‍ക്കെതിരെ വധഭീഷണി ഉയര്‍ത്തുന്നതിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു എന്നത് അത്യന്തം ഹീനമായ ഒരു സന്ദേശമാണ് കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് നല്‍കുന്നത്. കായംകുളം എം.എസ്.എം കോളജ് അധ്യാപകര്‍ക്ക് കെ.എസ്.യു ജില്ലാ നേതാവില്‍ നിന്ന് നേരിടേണ്ടി വന്ന ഭീഷണികള്‍ പ്രതിഷേധാര്‍ഹമാണ്. ഈ സംഭവത്തില്‍ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംസ്ഥാന പ്രസിഡന്റ് സഞ്ജീവ് ജി, ജനറല്‍ സെക്രട്ടറി എ. നിശാന്ത് എന്നിവര്‍ പറഞ്ഞു.
















