പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക പങ്കാളിത്തത്തെയും അധിക്ഷേപിച്ച് ബിഹാറിലെ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ വീട്ടിലിരിക്കേണ്ടവരാണെന്നും അവർക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രതികരണം.
എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിന്റെ ആവശ്യമെന്താണ്?’ എന്നാണ് മിഥിലേഷ് തിവാരി പറഞ്ഞത്.
വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് ഒരു റിപ്പോർട്ടർ വാദിച്ചപ്പോൾ, പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ സ്വയമേവ ലഭിക്കും എന്നായിരുന്നു മിഥിലേഷ് തിവാരിയുടെ മറുപടി. സ്ത്രീകളുടെ അവകാശങ്ങളെയും വിദ്യാഭ്യാസത്തെയും കുറിച്ച് ബിഹാർ മന്ത്രി കാലഹരണപ്പെട്ടതും പിന്തിരിപ്പൻ വീക്ഷണങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിരവധി പേർ വിമർശനങ്ങൾ ഉയർത്തി.
















