സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും പുതിയ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയാക്കാനാകാതെ വി.ഡി. സതീശൻ സർക്കാർ പ്രതിസന്ധിയിൽ. ഉന്നതവിദ്യാഭ്യാസം, ഫിഷറീസ്, കൃഷി വകുപ്പുകളെ ചൊല്ലി ഘടകകക്ഷിയായ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ നടക്കുന്ന കടുത്ത തർക്കങ്ങളാണ് വിജ്ഞാപനം നീളാൻ കാരണമെന്നാണ് സൂചന.
ഫിഷറീസ് ലീഗിന് നൽകുന്നതിൽ കോൺഗ്രസിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. ഫിഷറീസ് വകുപ്പ് തന്നാലേ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിട്ടു നൽകൂ എന്ന നിലപാടിലാണ് ലീഗ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് റോജി.എം ജോണിന് നൽകാനായിരുന്നു കോണ്‍ഗ്രസിൽ തീരുമാനം. അങ്ങനെയെങ്കിൽ കോണ്‍ഗ്രസിൽ നേരത്തെ കൈവശം വച്ചിരുന്ന ഫിഷറീസ് വകുപ്പ് വേണം എന്ന നിലപാടിലാണ് ലീഗ്. ടി. സിദ്ദിഖിന് കൃഷി വകുപ്പാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സിദ്ദിഖിന് ഈ വകുപ്പിൽ താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ട്. അങ്ങനെ വകുപ്പ് വിഭജനത്തിൽ തർക്കങ്ങൾ നീളുങ്ങുകയാണ്.
വകുപ്പ് വിഭജനത്തിലെ ഈ അനിശ്ചിതത്വത്തിന് പുറമേ, വരാനിരിക്കുന്ന പുതുക്കിയ ബജറ്റിൽ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങൾക്കും ഗ്യാരന്റികൾക്കും ആവശ്യമായ അധികപ്പണം കണ്ടെത്തുക എന്നതും പുതിയ മുഖ്യമന്ത്രിക്ക് മുന്നിലെ വലിയ വെല്ലുവിളിയാണ്. വകുപ്പ് തർക്കങ്ങൾ നിലനിൽക്കുമ്പോഴും, രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റികളിൽ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കും. സംസ്ഥാനത്ത് വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കും. സ്കൂൾ പാചക തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി സ്കൂൾ ജീവനക്കാർ എന്നിവരുടെ വേതനത്തിൽ 1000 രൂപയുടെ വർദ്ധനവ് വരുത്തും.
















