ആലപ്പുഴയിലെ ഗണ്‍മാന്മാരുടെ മര്‍ദ്ദനത്തില്‍ എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കും. ഇന്ന് തന്നെ എസ്‌ഐടി രൂപീകരിക്കാനാണ് തീരുമാനം.
ശുപാര്‍ശ ആഭ്യന്തര മന്ത്രി നേരിട്ട് പരിശോധിച്ച ശേഷം ഉത്തരവിറങ്ങും. ഗണ്‍മാന്മാരെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യാനാണ് നീക്കം. ഗണ്‍മാന്‍ അനില്‍കുമാര്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
കഴിഞ്ഞ ദിവസം നടന്ന ഒന്നാം മന്ത്രിസഭാ യോഗത്തില്‍ തന്നെ ഗണ്‍മാന്മാര്‍ക്കെതിരെ പുനരന്വേഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കി.
നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ നേരത്തെ അന്വേഷണം നടന്നിരുന്നു.
എന്നാൽ, ഈ അന്വേഷണം തൃപ്തികരമല്ലെന്നും ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപിച്ച് പരാതിക്കാർ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി, കേസിൽ പുനരന്വേഷണം വേണമെന്നും ഇതിനായി ഉയർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഉത്തരവിട്ടു.
















