പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ നിന്നും വിജയിച്ച് എംഎൽഎ ആയ രമേഷ് പിഷാരടിയുടെ എംഎൽഎ ഓഫീസ് എത്രയും പെട്ടെന്ന് തന്നെ നഗരത്തിൽ തുറന്നു പ്രവർത്തിക്കും. താൻ ‘പൂർണസമയം’ പാലക്കാടിനായി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാകുമെന്നാണ് രമേശ് പിഷാരടി പറഞ്ഞത്. അതുകൊണ്ട് തന്നെ ഈ കാലയളവിൽ സിനിമയും സ്റ്റേജ് പ്രോഗ്രാമുകളും ഒഴിവാക്കാനാണു തീരുമാനം. പാലക്കാട് നിന്നും രണ്ടുമന്ത്രിമാർ ഉള്ളത് വലിയ നേട്ടമാണെന്നും, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ഗവ.മെഡിക്കൽ കോളജ് സുസജ്ജമാക്കും എന്നും എംഎൽഎ രമേശ് പിഷാരടി പറഞ്ഞു. മന്ത്രി കെ.എ.തുളസിയുടെ പിന്തുണ വലിയ പ്രതീക്ഷ നൽകുന്നു. ജില്ലാ ആശുപത്രി നിർമാണപ്രവൃത്തികളും ഉടൻ പൂർത്തിയാക്കും. പ്രചാരണസമയത്ത് ഏറ്റവും കൂടുതൽ പേർ പരാതി പറഞ്ഞതു നെല്ലുസംഭരണത്തെക്കുറിച്ചാണ്. നെല്ലു സംഭരണത്തിനു ബജറ്റിൽത്തന്നെ തുക വകയിരുത്തിയുള്ള നടപടികൾക്കു പരിശ്രമിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ വിവാഹം, ആഘോഷങ്ങൾ എന്നിവ നടത്താനുള്ള ഓഡിറ്റോറിയങ്ങൾ പൂർത്തീകരിക്കും.
ആശയങ്ങളുള്ള ചെറുപ്പക്കാരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമം നടത്തും. പലർക്കും മികച്ച സ്റ്റാർട്ടപ് ആശയങ്ങളുണ്ടെങ്കിലും ഇത് നടപ്പിലാക്കാൻ വേണ്ട മൂലധനം ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ ഇത്തരക്കാർക്ക് വേണ്ട ഫണ്ട് സർക്കാർ മേഖലയിൽ മാത്രമല്ല മറ്റു സംവിധാനങ്ങൾ വഴിയും നേടിയെടുക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗതക്കുരുക്കിന് പ്രശനം പരിഹരിക്കുന്നതിന് വേണ്ടി ബൈപാസ് റോഡുകൾക്ക് ഊന്നൽ നൽകും. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി യാഥാർഥ്യമാകുന്നതോടെ പാലക്കാട് വലിയ തോതിൽ വികസിക്കണം. നഗരവും ഗ്രാമവും ചേർന്നതാണ് പാലക്കാട് മണ്ഡലമെന്നും, ‘സിറ്റി ഹബ്’ എന്ന രീതിയിൽ നഗരാസൂത്രണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം ആളുകളും ഇഷ്ടപ്പെടുന്ന മഹാനഗരമായി പാലക്കാടിനെ മാറ്റും. നഗരവികസനം മാത്രമല്ല അതിന്റെ ഗുണം ഗ്രാമങ്ങൾക്കും ഉറപ്പുവരുത്തുമെന്നും രമേശ് പിഷാരടി പറഞ്ഞു.
















