‘ദൃശ്യം 3’ എന്ന ചിത്രത്തിന്റെ വരവിനായി സിനിമാപ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്റെ ഒന്നാം ഭാഗത്തിൽ കഥയെ മുഴുവൻ നിയന്ത്രിച്ച ‘വരുൺ പ്രഭാകർ’ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ റോഷൻ ബഷീറിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ.
2013-ലെ ദൃശ്യം ഷൂട്ടിംഗ് കാലത്തെ ഒരുപിടി നല്ല ഓർമ്മകൾ പങ്കുവെച്ചുകൊണ്ട്, വർഷങ്ങൾക്കിപ്പുറവും ട്രോളുകളിലൂടെയും മീമുകളിലൂടെയും പ്രേക്ഷകർ തന്നെ ഓർത്തിരിക്കുന്നതിലുള്ള സന്തോഷം റോഷൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദൃശ്യം ഷൂട്ടിനിടെ മോഹൻലാലിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു റോഷന്റെ കുറിപ്പ്.
‘2013-ലെ എന്റെ ദൃശ്യം സിനിമയുടെ ഷൂട്ടിംഗ് നാളുകളിൽ നിന്നുള്ള ഒരുപിടി നല്ല ഓർമ്മകൾ. ചരിത്രമായി മാറിയ ഒരു സിനിമ, ഇത്രയും വർഷങ്ങൾക്ക് ശേഷവും ആളുകൾ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം, ഒടുവിൽ ഇതാ നാളെ ‘ദൃശ്യം 3’ എത്തുകയാണ്. എന്റെ കഥാപാത്രം ആദ്യ ഭാഗത്തിൽ തന്നെ ഇല്ലാതായതാണ്, എങ്കിലും ഇത്രയും വർഷങ്ങളായി സ്നേഹത്തിലൂടെയും ട്രോളുകളിലൂടെയും അനന്തമായ മീമുകളിലൂടെയും ആ കഥാപാത്രം ആളുകളുടെ മനസ്സിൽ ജീവിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ, ഞാൻ അതെല്ലാം ഒരുപാട് ആസ്വദിക്കുന്നുമുണ്ട്.
ആ കഥാപാത്രവും ഞാനും രണ്ട് വ്യത്യസ്ത വ്യക്തികളാണ്, എങ്കിലും ഒരൊറ്റ കഥാപാത്രത്തിന്റെ പേരിൽ ഇത്രയും കാലം തിരിച്ചറിയപ്പെടുക എന്നത് വലിയൊരു ഭാഗ്യമാണ്. ഇത്രയും ഐക്കോണിക് ആയ ഒരു സിനിമയുടെ ഭാഗമാക്കിയതിന് മുഴുവൻ അണിയറപ്രവർത്തകരോടും ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ‘ദൃശ്യം 3’ ടീമിന് എന്റെ എല്ലാവിധ ആശംസകളും. നാളത്തെ ദിവസത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു. ” റോഷൻ ബഷീർ കുറിച്ചു.
















