പന്തളത്ത് കാറിന്റെ രഹസ്യ അറയിൽ വൻതോതിൽ എംഡിഎംഎ കടത്തിയ കേസുമായി ബന്ധപ്പെട്ട് പന്തളം കടക്കാട് സ്വദേശി മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ മൂന്നാം പ്രതിയായ ഇവർ, ലഹരി മരുന്ന് വാങ്ങുന്നതിനും ഇടപാടുകൾക്കുമായി പ്രതികൾക്ക് തന്റെ ബാങ്ക് അക്കൗണ്ടിലൂടെ പണം അയച്ചുകൊടുത്തിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി.
ഈ അറസ്റ്റിലൂടെ ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
മെയ് 15-ന് പന്തളം വലിയപാലത്തിന് സമീപം വെച്ചാണ് ലഹരി മരുന്നുമായി അടൂർ പറക്കോട് സ്വദേശി ഷംനാദ്, കോട്ടമുകൾ സ്വദേശി മുഹമ്മദ് ഷാൻ എന്നിവരെ പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. കാറിന്റെ ഡീസൽ ടാങ്കിന് മുകളിൽ നിർമ്മിച്ച രഹസ്യ അറയ്ക്കുള്ളിലെ ബോട്ടിലിൽ ഒളിപ്പിച്ച നിലയിലായിരുന്നു 395.296 ഗ്രാം എംഡിഎംഎ.
















