പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കുന്നത്. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ.
തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.
പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി.
സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.
















