കവിത തിയറ്ററിൽ ആരാധകർക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മീന, എസ്തർ, ഇർഷാദ് തുടങ്ങിയവരും മോഹൻലാലിനൊപ്പം എറണാകുളം കവിത തിയറ്ററിലെത്തിയിരുന്നു.
‘ദൃശ്യം 3’ കാണാൻ നിരവധി പ്രേക്ഷകരാണ് തിയറ്ററിലെത്തിയത്. സിനിമ കഴിഞ്ഞ ശേഷം പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും സിനിമയുടെ വിജയം നടൻ പങ്കിട്ടു. മോഹൻലാലിന്റെ പിറന്നാൾ ദിവസം തിയറ്ററുകളിലെത്തിയ ‘ദൃശ്യം 3’ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ 465 സ്ക്രീനുകളിലും ലോകമെമ്പാടും മൂവായിരം സ്ക്രീനുകളിലുമാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.
എട്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദർശനം അവസാനിക്കുമ്പോൾ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നുയരുന്നത്. ‘ദൃശ്യം’ ഫ്രാഞ്ചൈസിക്കു നീതിപുലർത്തുന്ന കഥയാണ് മൂന്നാം ഭാഗത്തിന്റേതെന്ന് സിനിമ കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്. അണിയറക്കാർ പറഞ്ഞതുപോലെ തന്നെ ജോർജുകുട്ടിയുടെ കഥാപാത്രത്തിനും അയാളുടെ ഇമോഷനുമാണ് മൂന്നാം ഭാഗം പ്രാധാന്യം കൊടുക്കുന്നത്.
2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2021ൽ രണ്ടാം ഭാഗം വന്നു. ജോർജുകുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ‘ദൃശ്യം 3’ പറയുന്നത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
















