സി.എം.ആര്‍.എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. എന്നാല്‍ അതുകൊണ്ട് കൃത്യമായ സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്കറുകള്‍ തുറന്ന് പരിശോധിക്കാന്‍ ഇ.ഡി. തീരുമാനിച്ചിരിക്കുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം (പി.എം.എല്‍.എ.) ശക്തമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഡിയുടെ ഈ നീക്കം.
കഴിഞ്ഞ ദിവസം ഇ.ഡി. നടത്തിയ റെയ്ഡില്‍ ചില നിര്‍ണ്ണായക ബാങ്ക് വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. അതിന്റെ അടിസ്ഥാനത്തില്‍ വീണയുടെ എച്ച്.ഡി.എഫ്.സി. ബാങ്കിലെ അക്കൗണ്ട് ഇ.ഡി. മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍, കേന്ദ്ര ഏജന്‍സികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ഏതാണ്ട് രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഈ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. കരിമണല്‍ കമ്പനിയില്‍ നിന്ന് എക്സാലോജിക്കിന്റെ അക്കൗണ്ടുകളിലേക്ക് എത്തിയ കോടികളുടെ സാമ്പത്തിക അടിയൊഴുക്കുകള്‍ എങ്ങോട്ടാണ് വഴിമാറിയതെന്ന ചോദ്യത്തിന് മുന്നില്‍ ഇതോടെ അന്വേഷണസംഘത്തിന് കൂടുതല്‍ വ്യക്തത വരുത്തേണ്ടി വന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അതേ ബാങ്കില്‍ തന്നെയുള്ള വീണയുടെ ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ഇ.ഡി. പ്രത്യേക അനുമതി തേടുന്നത്.
സി.എം.ആര്‍.എല്‍. കമ്പനിയില്‍ നിന്ന് ഐ.ടി. സേവനങ്ങളുടെ മറവില്‍ എക്സാലോജിക് കമ്പനി വഴിയും വ്യക്തിഗതമായും വീണയ്ക്ക് ലഭിച്ച പണം അവര്‍ എന്ത് ചെയ്തു എന്നതിനെക്കുറിച്ചാണ് ഇ.ഡി. നിലവില്‍ പ്രധാനമായും അന്വേഷിക്കുന്നത്. ഈ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ രേഖകളും, വിദേശ നിക്ഷേപങ്ങളുടെ വിവരങ്ങളും അല്ലെങ്കില്‍ വലിയ തോതിലുള്ള ആസ്തി വിവരങ്ങളും ഈ ലോക്കറിനുള്ളില്‍ ഉണ്ടാകാമെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ, സുപ്രധാനമായ സാമ്പത്തിക ഡീലിംഗുകളുടെ വിവരങ്ങള്‍ കണ്ടെത്തുകയാണ് ലോക്കര്‍ പരിശോധനയിലൂടെ ഇ.ഡി. ലക്ഷ്യമിടുന്നത്.
അതേസമയം, ഇ.ഡി. അന്വേഷണത്തിനെതിരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍. തീരുമാനിച്ചിരിക്കുന്നത്. ഇ.ഡിയുടെ ഈ അതിവേഗ അന്വേഷണ നടപടികളില്‍ നിന്നും തങ്ങളെ തടയണമെന്നും, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സി.എം.ആര്‍.എല്‍. നല്‍കിയ ഹര്‍ജി വരും തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍, ഈ ഹര്‍ജിയെ കോടതിയില്‍ ശക്തമായി പ്രതിരോധിക്കാനും കേസില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാട് സ്വീകരിക്കാനുമാണ് ഇ.ഡി.യുടെ തീരുമാനം. വീട്ടിലെ റെയ്ഡിന് സമാനമായ മിന്നില്‍ നീക്കം ഇനിയും ഇഡി ചെയ്തേയ്ക്കും.
മാസപ്പടി കേസില്‍ ഇ.ഡി. അന്വേഷണത്തിന് മുന്‍പ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൃത്യമായ അനുമതി നല്‍കിയിരുന്നു. ഇതിന്റെ പിന്‍ബലത്തിലാണ് അതീവ ഗൗരവകരമായ തുടര്‍ന്നടപടികളിലേക്ക് അന്വേഷണ സംഘം ഇപ്പോള്‍ കടന്നിരിക്കുന്നത്. കമ്പനി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്നാണ് ഇ.ഡി.യുടെ വിലയിരുത്തല്‍. തിങ്കളാഴ്ച കോടതി ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ റെയ്ഡില്‍ പിടിച്ചെടുത്ത ഇരുനൂറിലധികം രേഖകളുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളിലെ പൊരുത്തക്കേടുകളും കോടതിയെ ബോധ്യപ്പെടുത്താന്‍ ഇ.ഡി. തയ്യാറെടുക്കുകയാണ്.
കേവലം ഒരു അക്കൗണ്ട് പരിശോധനയില്‍ ഒതുങ്ങുന്നതല്ല ഈ കേസിലെ സാമ്പത്തിക അഴിമതിയെന്ന് ഇ.ഡി. വ്യക്തമാക്കുന്നു. കരിമണല്‍ കമ്പനിയുടെ മറവില്‍ നടന്ന അനധികൃത പണമിടപാടുകള്‍ മറ്റ് ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പോയിട്ടുണ്ടെന്നും, ഈ പണം വെളുപ്പിക്കാന്‍ ഏതെങ്കിലും വിദേശ ബാങ്കുകളെയോ ഷെല്‍ കമ്പനികളെയോ ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വീണ വിജയനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതിന് മുന്‍പ് ലോക്കര്‍ പരിശോധന പൂര്‍ത്തിയാക്കി കൃത്യമായ തെളിവുകള്‍ കയ്യിലെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.
മുഖ്യമന്ത്രി പദവിയില്‍ നിന്നും പിണറായി വിജയന്‍ മാറി പ്രതിപക്ഷ നേതാവായി തുടരുന്ന ഈ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ കുടുംബത്തിലേക്ക് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം നേരിട്ടെത്തുന്നത് സി.പി.എമ്മിനെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണ് ഈ അന്വേഷണമെന്ന് കാണിച്ച് പ്രതിരോധം തീര്‍ക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. എന്നാല്‍ ബാങ്ക് ലോക്കര്‍ പരിശോധന പോലുള്ള കര്‍ശനമായ നിയമനടപടികളിലേക്ക് ഇ.ഡി. കടക്കുന്നത് പാര്‍ട്ടിയുടെ പ്രതിരോധങ്ങളുടെ മൂര്‍ച്ച കുറയ്ക്കുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളായ ഫോണും ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ബാങ്ക് ലോക്കര്‍ പരിശോധനയും വരുന്നത്. ബാങ്കിലെ ലോക്കര്‍ വിവരങ്ങള്‍ കൂടി പുറത്തുവരുന്നതോടെ കേസിന്റെ ഗതി പൂര്‍ണ്ണമായും മാറുമെന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അക്കൗണ്ടില്‍ വെറും രണ്ടു ലക്ഷം രൂപ മാത്രം അവശേഷിപ്പിച്ചു കൊണ്ട് യഥാര്‍ത്ഥ പണം എവിടേക്ക് മാറ്റി എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ഈ ലോക്കര്‍ പരിശോധനയിലൂടെ പുറത്തുവരുമെന്നാണ് ഇ.ഡി. കരുതുന്നത്.
















