സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. വാഹനാപകടത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയായ യുവാവിന്റെ ഹൃദയം ഉള്‍പ്പെടെ 4 അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും. 23 കാരനായ എം കെ അര്‍ജുന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. അര്‍ജുന്റെ ഹൃദയം രാവിലെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സ് മാര്‍ഗം എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ നിന്ന് ആസ്റ്റര്‍ മെഡിസിറ്റി കൊച്ചിയിലേക്കാണ് ഹൃദയം എത്തിക്കുന്നത്. കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ 48 കാരന് ഹൃദയം മാറ്റിവയ്ക്കും.
കരള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. വൃക്കകള്‍ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്കും മറ്റൊന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യും. ബൈക്ക് അപകടത്തെ തുടര്‍ന്ന് അര്‍ജുന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 28-ാം തിയതിയാണ് അപകടമുണ്ടാകുന്നത്. ഇന്നലെയാണ് അര്‍ജുന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അര്‍ജുന്റെ മരണം സംഭവിച്ചത്.
Story Highlights : kannur man who died in accident will donate organs to 4
















