പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ആരുടെയും ആത്മാഭിമാനം ആർക്ക് മുന്നിലും പണയം വയ്ക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട തർക്കൾ എല്ലാം പരിഹരിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വി എസ് അച്യുതാനന്ദൻ്റെ കാലം മുതൽ പ്രതിപക്ഷ ഉപനേതൃസ്ഥാനത്ത് സിപിഐഎം തന്നെയാണ് ഉണ്ടായിരുന്നതെന്നും എം വി ഗോവിന്ദൻ അനുസ്മരിച്ചു.
പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന സിപിഐ നിലപാടിൽ മാറ്റമില്ലെന്നും മാറ്റമുണ്ടെങ്കിൽ അറിയിക്കാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് എന്ന കീഴ്‌വഴക്കം ഇല്ലെന്ന സിപിഐഎം നിലപാടിനെക്കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. കീഴ്‌വഴക്കങ്ങള്‍ മാറേണ്ടി വന്നാൽ മാറണം എന്നായിരുന്നു ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. സിപിഐ നിലപാട് രാഷ്ട്രീയത്തിൻ്റെ ഭാഗമായുള്ള നിലപാടാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇന്നുള്ള എൽഡിഎഫ് ഉണ്ടാകുന്നതിൽ സിപിഐയുടെ പങ്ക് ആർക്കാണ് അറിയത്തതെന്നും ബിനോയ് വിശ്വം ചോദിച്ചു. മുഖ്യമന്ത്രി കസേര വേണ്ടെന്ന് വെച്ച പാർട്ടിയാണ് സിപിഐ. അധികാരത്തിൻ്റെ കസേര പുല്ലുപോലെ വലിച്ചെറിയാൻ ആർജ്ജവം കാണിച്ച പാർട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം ചൂണ്ടിക്കാണിച്ചു.
















