അയൽവാസി വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിൽ അവരുടെ നാലുവയസ്സുകാരൻ മകനെ കൊലപ്പെടുത്തി പന്ത്രണ്ടുകാരി. മധ്യപ്രദേശിലെ മണ്ട്സൗറിലെ ഷാംഗഡിൽ ഒക്ടോബർ 24നാണ് സംഭവം. ഏതാനും ദിവസങ്ങൾക്കു മുൻപ്, നാലുവയസ്സുകാരന്റെ ചോക്ലേറ്റ് കഴിച്ചതിന്റെ പേരിൽ കുട്ടിയുടെ അമ്മ വഴക്കുപറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പന്ത്രണ്ടുകാരി കൊലപാതകം ചെയ്തതെന്ന് പൊലീസ് പറയുന്നു.
ക്ടോബർ 24ന് ഉച്ചയ്ക്ക് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് ചോക്ലേറ്റ് നൽകാമെന്നു പറഞ്ഞ് പെൺകുട്ടി ബാലനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയ കുട്ടിയെ പെൺകുട്ടി വാട്ടർ ടാങ്കിലേക്ക് തള്ളിയിട്ടതിനുശേഷം ടാങ്ക് മൂടി ഉപയോഗിച്ച് അടച്ചു. കുട്ടിയെ കാണാതായതോടെ വീട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു.
കുഞ്ഞിനെ അവസാനമായി കണ്ടത് പെൺകുട്ടിക്കൊപ്പമാണെന്ന് മൊഴി ലഭിച്ചതോടെ പൊലീസ് പെൺകുട്ടിയെ ചോദ്യം ചെയ്യുകയും വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. തുടർന്ന് വീട്ടിലെ വാട്ടർ ടാങ്കിൽനിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുറ്റം സമ്മതിച്ച പെൺകുട്ടിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം വിദിഷയിലെ ചൈൽഡ് ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.















