മുൻ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തുവെന്ന ആരോപണം നേരിട്ടിരുന്ന വ്യോമസേന മുൻ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ് സൗരിയെ (28) നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.
2024ൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് രക്ഷപ്പെടുന്നതിന്റെ വിഡിയോ തഹ്സിഫ് സമൂഹമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തിരുന്നു.
എന്നാൽ, തഹ്സിഫ് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ഏജന്റാണെന്ന് ബംഗ്ലദേശിലെ ജമാഅത്തെ ഇസ്ലാമി അനുകൂല പത്രമായ അമർ ദേശ് തെറ്റായി റിപ്പോർട്ട് ചെയ്തതോടെ ഇയാളെ വ്യോമസേനയിൽനിന്ന് പുറത്താക്കുകയും പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ഏതാനും മാസങ്ങൾക്കു മുൻപ് തഹ്സിഫ് ഒരു പോഡ്കാസ്റ്റിൽ പങ്കെടുക്കുകയും അമർ ദേശ് പത്രത്തിനെതിരെ പരസ്യമായി സംസാരിക്കുകയും ചെയ്തു. അമർ ദേശിന്റെ പ്രവൃത്തിക്കു പിന്നിൽ ഒട്ടേറെക്കാര്യങ്ങളുണ്ടെന്നും ഒന്നും തുറന്നു പറയാൻ കഴിയില്ലെന്നും പോഡ്കാസ്റ്റിൽ തഹ്സിഫ് സൂചിപ്പിച്ചിരുന്നു.
ബംഗ്ലദേശ് വ്യോമസേനയിൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ആയിരുന്ന തഹ്സിഫ് ചൊവ്വാഴ്ച അമ്മയ്ക്കൊപ്പം ഷോപ്പിങ്ങിനു പോകുകയും തുടർന്ന് സുഹൃത്തിന്റെ ഫോൺ വന്നതിനെത്തുടർന്ന് അയാൾക്കൊപ്പം പുറത്തുപോകുകയും ചെയ്തെന്ന് കുടുംബം ബംഗ്ലദേശ് പത്രമായ പ്രോതോം അലോയോടു പറഞ്ഞു. പിന്നീട് വീട്ടിൽനിന്നുള്ള ഫോണുകളൊന്നും തഹ്സിഫ് എടുത്തില്ല.
രാത്രി ഒന്നരയോടെ, വീട്ടിലേക്ക് വരുകയാണ് എന്ന സന്ദേശം തഹ്സിഫിന്റെ ഫോണിൽനിന്ന് അമ്മയുടെ ഫോണിലേക്ക് അയച്ചെങ്കിലും യുവാവ് വീട്ടിലെത്തിയില്ല. തുടർന്ന് പിറ്റേന്ന് തഹ്സിഫിന്റെ മൃതദേഹം തുരാഗ് നദിയിൽ കണ്ടെത്തുകയായിരുന്നു. തഹ്സിഫിനെ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ‘എന്റെ സഹോദരനെ കൊലപ്പെടുത്തി.
എന്താണ് അവൻ ചെയ്ത തെറ്റ്? ഹസീന രക്ഷപ്പെടുന്നതിന്റെ വിഡിയോ ഷെയർ ചെയ്തതോ? അവൻ റെക്കോഡ് ചെയ്ത വിഡിയോ പോലുമല്ല അത്, ഒരു പൗരൻ എന്ന നിലയിൽ ആ വിഡിയോ ഷെയർ ചെയ്യുക മാത്രമാണ് അവൻ ചെയ്തത്. അവന്റെ സഹപ്രവർത്തകനാണ് ആ വിഡിയോ എടുത്തത്.’–തഹ്സിഫിന്റെ ബന്ധു മൊഷ്ഫെക ജഹാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.















