കണ്ണൂര്‍: ബന്ധുനിയമന വിവാദങ്ങളെത്തുടര്‍ന്ന് ബെന്നി തോമസ് രാജിവെച്ച ഒഴിവിലേക്ക് ചന്ദ്രന്‍ തില്ലങ്കേരിയെ മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. കെപിസിസി സെക്രട്ടറിയായ ചന്ദ്രന്‍ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നല്‍കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം.
സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നിയമനം.
അതേസമയം, ബന്ധുനിയമന വിവാദത്തിലും ബെന്നി തോമസിന്റെ രാജിയിലും പ്രതികരണവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി. ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും ഈ നിയമനത്തിന് ഉണ്ടായിരുന്നില്ലെന്നും മന്ത്രി മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.
















