കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിലവില്‍ ചികിത്സയിലുള്ള നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. ഐസിഎംആര്‍ മാനദണ്ഡപ്രകാരം രണ്ടാം ഡോസ് മോണോക്ളോണല്‍ ആന്റിബോഡി രോഗിക്ക് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം പരിശോധനാ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന 7 പേരില്‍ രോഗിയുടെ ഏറ്റവും അടുത്ത ബന്ധുക്കളായ രണ്ടുപേരെ രോഗലക്ഷണങ്ങള്‍ മാറിയതിനെത്തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവരുടെ പരിശോധനാഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. അതിനിടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന രോഗിയുടെ അടുത്ത ബന്ധു കൂടിയായ ഒരാളെ നിരീക്ഷണത്തിനായി ഇന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ ആകെ 6 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ കൂടി ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ പുതിയ നിപ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യുകയോ സമ്പര്‍ക്കപ്പട്ടികയില്‍ പുതുതായി ആരെയും ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 85 പേര്‍ കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.നിപ നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്ര സംഘം രോഗബാധിതന്‍ ആദ്യം ചികിത്സ തേടിയ ഫറോക്കിലെ സ്വകാര്യ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി.രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 46 വീടുകളില്‍ കൂടി ഇന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു.
Story Highlights : Relief in Kozhikode Nipah outbreak
















