ഒരേയൊരു വിഷയം മാത്രം നോക്കിയാല്‍ മതിയാകും, നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് എല്‍.ഡി.എഫിനെ നയിക്കുന്ന സി.പി.എമ്മിന്റെ മനോനില അറിയാന്‍. അതാണ് ആ മുദ്രാവാക്യം. ‘L.D.F അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം, എത്രമാത്രം നെഗറ്റീവ് എനര്‍ജി പ്രസരിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്തിനു മുമ്പു തന്നെ ഇടതു ഭരണത്തിന്റെ മനോനിലയില്‍ ഉണ്ടായ മാറ്റം പ്രകടമായിരുന്നു. മന്ത്രിമാരുടെയും നേതാക്കന്‍മാരുടെയും ശരീര ഭാഷയും, വാക്കുകളിലെ ധാര്‍ഷ്ട്ര്യവും, അഹങ്കാരത്തിന്റെയും ഹുങ്കിന്റെയുമെല്ലാം വാഴ്ത്തു പാട്ടുകളിലും കട്ടൗട്ടറുകളിലുമെല്ലാം അത് പ്രത്യക്ഷപ്പെട്ടിരുന്നു. സാധാരണ മനുഷ്യരെ കാണാനാകാതെ ഇടതുപക്ഷം സ്വപ്‌ന സഞ്ചാരത്തിലായിരുന്നു എന്നു തന്നെ പറയാം.
അതുകൊണ്ടാണ് അമ്പേ പരാജയം ഏറ്റുവാങ്ങിയ ശേഷം ഇതുവരെയും ന്യായീകരിച്ചുകൊണ്ടിരുന്ന തെറ്റുകളെ ഉള്‍പാര്‍ട്ടീ ജനാധിപത്യത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കേരളമാകെ തെറ്റെന്നു പറഞ്ഞതിനെ എല്ലാം ശരിയാണെന്നു പറഞ്ഞ് ജനത്തിന്റെ മുഖത്തു നോക്കി പച്ചക്കള്ളം പറഞ്ഞ് ന്യായീകരിച്ചവര്‍ ഇന്ന് തിരുത്തി പറയുകയാണ്. അതും വീഴ്ചയും ശ്രദ്ധക്കുറവും, തിരുത്തേണ്ടവയുമായി മാറ്റി. തെറ്റുപറ്റി എന്നല്ല ജനങ്ങളോട് അവര്‍ വീണ്ടും പറയുന്നത് എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഈ അഞ്ചു വര്‍ഷം കൈയ്യില്‍ നിന്നു പോയെങ്കിലും വരാനിരിക്കുന്ന ഭരണമാറ്റം ഇന്നേ ഉറപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായേ ഇതിനെ കാണാനാകൂ.
അതാണ് പി. രാജീവ് വഴി പാര്‍ട്ടി പറഞ്ഞു വെയ്ക്കുന്നതും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലാണ് പി. രാജീവ് പാര്‍ട്ടിയുടെ പാളീച്ചകള്‍ അക്കമിട്ട നിരത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടതുമുന്നണി പ്രധാനമായും ഉയര്‍ത്തിയ ‘എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം ജനങ്ങളില്‍ വിപരീതഫലമാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച ഇ.എം.എസ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള പാര്‍ട്ടിയുടെ ആത്മപരിശോധനകളുടെ ഭാഗമായാണ് പി. രാജീവിന്റെ ഈ പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്ത് എല്‍.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ മറ്റൊരു തരത്തിലുള്ള ബോധമാണ് സൃഷ്ടിച്ചതെന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുള്ളതായി പി. രാജീവ് വ്യക്തമാക്കി. ‘എല്‍.ഡി.എഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന ചോദ്യം ശരിയായ രീതിയിലല്ല ജനങ്ങളിലേക്ക് എത്തിയത്. ഈ മുദ്രാവാക്യം ജനങ്ങളില്‍ തെറ്റായ സന്ദേശം നല്‍കാന്‍ കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം, ആ മുദ്രാവാക്യത്തിനൊപ്പം പിണറായി വിജയന്റെ ഫോട്ടോ മാത്രം വെച്ചതിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. എല്‍.ഡി.എഫ് എന്നാല്‍, പിണറായി വിജയന്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് മുന്നണിയിലെ ഘടകകക്ഷികള്‍ വിശ്വസിച്ചോണം. ഇതായിരുന്നു ലൈന്‍.
പക്ഷെ, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ലഭിച്ച മൃഗീയ ഭൂരിപക്ഷത്തില്‍, 13 മന്ത്രിമാര്‍ പരാജയപ്പെട്ടതിനു പിന്നില്‍ എല്‍.ഡി.എഫിന്റെ ഘടകകക്ഷികളുടെ വോട്ടും ചോര്‍ന്നു പോയെന്ന് വിശ്വസിക്കുകയാണ് വേണ്ടത്. കാരണം, കാരണഭൂതന്‍ എള്‍.ഡി.എഫിനല്ല, സി.പി.എമ്മിനു മാത്രമാണ്. അത് എല്‍.ഡി.എഫിന്‌റെ ഭൂതമാക്കിയതില്‍ ഘടകകക്ഷികളിലെ അണികള്‍ക്ക് അസ്ഥസ്ഥതയുണ്ട്. മുദ്രാവാക്യം മാത്രമാണ് പ്രശ്‌നമെന്ന് പാര്‍ട്ടി ചര്‍ച്ചയില്‍ തീര്‍പ്പാക്കുമ്പോള്‍, ജനങ്ങള്‍ പറയുന്നത്, മുദ്രാവാക്യത്തിനൊപ്പം അഹങ്കാരത്തിന്റെ പടം കൂടിയുണ്ടായിരുന്നതാണ് തോല്‍വിക്കു കാരണമെന്നാണ്. ഇത് പാര്‍ട്ടി നേതൃത്വം ഇനിയും തിരിച്ചറിയാതെ പോവുകയാണ്. കഴിഞ്ഞ കാലത്ത് ചെയ്തതെല്ലാം മനോഹരമായിരുന്നുവെന്നും, ചെയ്യാനിരുന്നത് അതി മനോഹരമായവയാണെന്നും സ്വയം വിശ്വസിച്ച് അഹങ്കരിച്ച മന്ത്രിസഭയെയാണ് ജനം എടുത്ത് പുറത്തിരുത്തിയത്.
വായില്‍ നിറയെ വര്‍ഗീയത മാത്രം കുത്തി നിറച്ച വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയത് ശരിയാണെന്ന് ഇപ്പോഴും പറയുന്ന സി.പി.എമ്മുകാര്‍ക്കാണ് പി. രാജീവിന്റെ മറുപടി. തെരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച മറ്റ് ചില സംഘടനാപരമായ വീഴ്ചകളും ഇ.എം.എസ് അനുസ്മരണ വേദിയില്‍ അദ്ദേഹം വിശദീകരിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ട്. ഇത് വീഴ്ചയല്ല, വര്‍ഗീയതയോട് സന്ധി ചെയ്യലാണ്. മുസ്ലീം ന്യൂനപക്ഷങ്ങളെ പച്ചയ്ക്ക് വര്‍ഗീയ വത്ക്കരിച്ച വെള്ളാപ്പള്ളി കേരളത്തിന്റെ മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ചാല്‍ അത് വര്‍ഗീയതയോടുള്ള കൂട്ട് എന്നല്ലാതെ മറ്റെന്താണ്. കേരളം ഇങ്ങനെ ചിന്തിച്ചു. പക്ഷെ, സി.പി.എം ചിന്തിച്ചില്ല.
ഇതിന് പുറമെ, ഏറെ വിവാദമായ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിലും ശക്തമായ നടപടികളെടുത്ത് മുന്നോട്ട് പോകേണ്ടതായിരുന്നു. അവിടെയും കാര്യമായ പാളിച്ചകള്‍ സംഭവിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ നയങ്ങളിലും പ്രചാരണ തന്ത്രങ്ങളിലും വന്ന ഇത്തരം വീഴ്ചകളാണ് ജനവിധി പ്രതികൂലമാക്കാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോരോ തെറ്റുകളെയും കണ്ടെത്തി തിരുത്തി തിരുത്തി സി.പി.എം തൊഴിലാളി വര്‍ഗ പാര്‍ട്ടിയുമാകുമ്പോള്‍ മാത്രം കേരളം തിരകെ കിട്ടും എന്നു പ്രതീക്ഷിക്കാം.
















