കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്സ് എയര്‍ ബേസില്‍ നിന്ന് പറന്ന യു.എസ് വ്യോമസേനയുടെ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് വിമാനം തകര്‍ന്നു വീണ് അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. പരീക്ഷണ പറക്കലിനിടെ പ്രാദേശിക സമയം പകല്‍ 11.20നായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസ് താല്‍ക്കാലികമായി അടച്ചു. അപകട കാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങള്‍ ശേകറിക്കുന്നുണ്ട്. അന്വേഷണം നടന്നുവരികയാണ്. പരീക്ഷണ പറക്കലില്‍ വിമാനത്തില്‍ ഉണ്ടാകേണ്ടിയിരുന്നത് ആറുപേര്‍ മാത്രമാണ്. എന്നാല്‍, അപകട സമയത്ത് എയര്‍ക്രാഫ്റ്റ് കമാന്‍ഡര്‍, പൈലറ്റ്, റഡാര്‍ നാവിഗേറ്റര്‍, നാവിഗേറ്റര്‍, ഇലക്ട്രോണിക് വാര്‍ഫെയര്‍ ഓഫിസര്‍ തുടങ്ങി എട്ടുപേര്‍ ഉണ്ടായിരുന്നു.
വേഗത കുറച്ച് 50,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് വിമാനം. 1955ലാണ് ഈ വിമാനം യുഎസ് മിലിട്ടറിയുടെ ഭാഗമായത്. ആണവായുധം വഹിക്കാന്‍ വരെ ശേഷിയുള്ള വിമാനം വിയറ്റ്നാം യുദ്ധത്തിലും ഗള്‍ഫ് യുദ്ധത്തിലും വരെ ഉപയോഗിച്ചിട്ടുണ്ട്. ലോസ് ഏഞ്ചല്‍സിലെ വടക്കുഭാഗത്ത് 160 കിലോമീറ്റര്‍ അകലെയായാണ് എഡ്വേര്‍ഡ്സ് എയര്‍ഫോഴ്സ് ബേസ് സ്ഥിതിചെയ്യുന്നത്. ഈ അപകടത്തെ അതീവ ഗുരുതരവും ദാരുണവുമെന്നാണ് സൈനിക വക്താക്കള്‍ വിശേഷിപ്പിച്ചത്. ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷമാണ് യുഎസ് വ്യോമസേനയെ നടുക്കിയ ഇത്രയും വലിയൊരു ബി-52 വിമാനാപകടം ഉണ്ടാകുന്നത്.
പുകപടലങ്ങള്‍ ഉയരുന്ന റണ്‍വേയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പറന്നുയര്‍ന്ന തൊട്ടുപിന്നാലെ വിമാനം റണ്‍വേയ്ക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. തകര്‍ച്ചയുടെ ആഘാതത്തില്‍ റണ്‍വേയില്‍ കരിപിടിച്ച വലിയൊരു പാട് അവശേഷിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ടെങ്കിലും വിമാനത്തിന്റെ ഭാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തവിധം പൂര്‍ണമായി തകര്‍ന്ന നിലയിലാണെന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ‘ഇതൊരു വന്‍ ദുരന്തമാണ്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും തന്നെ രക്ഷപ്പെടാന്‍ കഴിയുന്ന സാഹചര്യം ആയിരുന്നില്ല അവിടെയുണ്ടായിരുന്നത്,’ വാര്‍ത്താ സമ്മേളനത്തില്‍ കേണല്‍ ജെയിംസ് ഹെയ്‌സ് വ്യക്തമാക്കി.
അപകടത്തെ തുടര്‍ന്ന് എല്ലാ പരീക്ഷണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ കേണല്‍ ഹെയ്‌സ് ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ പരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ് കലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് എയര്‍ഫോഴ്സ് ബേസ്. നീളമേറിയ റണ്‍വേകളും അനുകൂലമായ ഭൂപ്രകൃതിയും ഉള്ളതിനാല്‍ വ്യോമസേനാ വിമാനങ്ങള്‍ മാത്രമല്ല, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, സ്‌പേസ് ഷട്ടിലുകള്‍ എന്നിവയെല്ലാം ഇവിടെയാണ് പരീക്ഷിക്കാറുള്ളത്.
ലോകത്തിലെ ഏറ്റവും പരിചയസമ്പന്നരായ ടെസ്റ്റ് പൈലറ്റുമാരും മികച്ച എന്‍ജിനീയര്‍മാരുമാണ് ഇവിടെയുള്ളത്.
അപകടങ്ങള്‍ നേരിടാന്‍ അത്യാധുനിക സജ്ജീകരണങ്ങളുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം ഇവിടെയുണ്ടെങ്കിലും ഈ അപകടത്തിന്റെ തീവ്രത വളരെ വലുതായിരുന്നുവെന്ന് അധികൃതര്‍. വിമാനത്തിന്റെ മെയിന്റനന്‍സ് റെക്കോര്‍ഡുകള്‍ പരിശോധിക്കുകയും ബ്ലാക്ക് ബോക്‌സ് അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുകയുമാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ചുമതല. യുഎസ് വ്യോമശക്തിയുടെ പ്രതീകവും തന്ത്രപ്രധാനമായ ആയുധവുമാണ് ബോയിങ് കമ്പനി നിര്‍മിച്ച ബി-52 ബോംബര്‍ വിമാനങ്ങള്‍. 1955ലാണ് ഈ ദീര്‍ഘദൂര ഹെവി ബോംബര്‍ വിമാനങ്ങള്‍ ആദ്യമായി യുഎസ് സൈന്യത്തിന്റെ ഭാഗമാകുന്നത്. ഏകദേശം 70,000 പൗണ്ട് (32,000 കിലോഗ്രാം) സ്‌ഫോടകവസ്തുക്കളും മാരകായുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളവയാണിവ. നിലവില്‍ സൈന്യം ഉപയോഗിക്കുന്നത് ഇതിന്റെ നവീകരിച്ച ‘B-52H’ പതിപ്പാണ്.
സാധാരണ ബോംബുകള്‍ക്ക് പുറമെ ആണവ ബോംബുകളും ആണവ പോര്‍മുന ഘടിപ്പിച്ച ക്രൂസ് മിസൈലുകളും വഹിക്കാന്‍ ഈ വിമാനങ്ങള്‍ക്ക് ശേഷിയുണ്ട്. യുഎസും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ മേഖലകളില്‍ ബോംബിങ് ദൗത്യങ്ങള്‍ക്കായി ഈ വിമാനങ്ങള്‍ ഉപയോഗിച്ചിരുന്നു. തിങ്കളാഴ്ചത്തെ അപകടത്തിന് മുന്‍പ് യുഎസ് വ്യോമസേനയ്ക്ക് ആകെ 76 ബി-52എച്ച് വിമാനങ്ങളാണ് ഉണ്ടായിരുന്നത്. 1962ന് ശേഷം ഈ വിമാനങ്ങളുടെ പുതിയ പതിപ്പുകള്‍ നിര്‍മിച്ചിട്ടില്ലെങ്കിലും കാലാനുസൃതമായ അറ്റകുറ്റപ്പണികളും സാങ്കേതിക നവീകരണങ്ങളും നടത്തിയാണ് ഇവ ഇപ്പോഴും പറത്തുന്നത്. വിമാനങ്ങളുടെ എന്‍ജിനുകള്‍ പൂര്‍ണമായി മാറ്റുന്നതിനായി 48.6 ബില്യണ്‍ ഡോളറിന്റെ വന്‍ പദ്ധതിയും വ്യോമസേന അടുത്തിടെ ആരംഭിച്ചിരുന്നു.
ഒരു ബോയിങ് ബി-52 സ്ട്രാറ്റോഫോര്‍ട്രെസിന്റെ യൂണിറ്റ് ചെലവ് യുഎസ് വ്യോമസേന ഔദ്യോഗികമായി 8.4 കോടി ഡോളറായി (2012 സാമ്പത്തിക വര്‍ഷത്തിലെ ഡോളര്‍ മൂല്യം കണക്കാക്കി) രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് നിലവിലെ പണപ്പെരുപ്പം കണക്കിലെടുത്ത് ക്രമീകരിക്കുമ്പോള്‍ ഏകദേശം 9.4 കോടി ഡോളറിന് (ഏകദേശം 888.82 കോടി രൂപ) തുല്യമാണ്.
















