കുട്ടനാട്ടിലെ മൂലം വള്ളം കളിക്ക് പ്രാദേശിക അവധി നല്‍കണമെന്നാവശ്യപ്പെട്ട് കുട്ടനാട് എം.എല്‍.എ റജി ചെറിയാന്‍ അവതരിപ്പിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നല്‍കിയ മറുപടിയും, അതു കഴിഞ്ഞ് തൊട്ടടുത്തിരുന്ന വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞ രഹസ്യവും ഇപ്പോള്‍ വലിയ ചര്‍ച്ച ആക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പര്‌സയമായി പറയുന്നതും, രഹസ്യമായി പറയുന്നതും പിടിച്ചെടുക്കുന്ന നിയമ സഭയിലെ ഷുവര്‍ മൈക്കാണ് ഇപ്പോള്‍ താരം. വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ വി.കെ. പ്രശാന്താണ് മുഖ്യമന്ത്രിയുടെ രഹസ്യം സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കിയിരിക്കുന്നത്.
കുട്ടനാട് എം.എല്‍.എ റജി ചെറിയാന്‍ ആവശ്യപ്പെട്ടത് :
കുട്ടനാട് മൂലം വള്ളംകളിയുമായി ബന്ധപ്പെട്ട് കുട്ടനാട് താലൂക്കില്‍ പ്രാദേശിക അവധി അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു
മുഖ്യമന്ത്രിയുടെ മറുപടി:
മൂലം വള്ളം കളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കും
മുഖ്യമന്ത്രിയുടെ രഹസ്യം:
ഒരു കാരണവശാലും കൊടുക്കൂല
പൊതുവേ കേരളത്തിലെ മുഖ്യമന്ത്രിമാരെ മൈക്കുകള്‍ ചതിക്കുന്നത് ആദ്യമായല്ല. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൈക്കും മുഖ്യമന്ത്രിയും തമ്മില്‍ പോരാട്ടം വരെ നടന്നിട്ടുണ്ട്. തട്ടിത്തെറിപ്പിക്കല്‍, വെട്ടിമാറ്റല്‍, ഒടിച്ചെടുക്കല്‍, ഒടിഞ്ഞു വീഴല്‍, ഓഫായിപ്പോകല്‍, ഹൗളിംഗ് ഉണ്ടാകല്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലൂടെ കടന്നു പോയാണ് അന്നത്തെ മുഖ്യമന്ത്രി ഇന്നത്തെ പ്രതിപക്ഷ നേതാവിലേക്ക് സഞ്ചരിച്ചത്. മാത്രമല്ല, ആങ്കറോട് കയര്‍ക്കല്‍, സംഘാടകരെ പഴി പറച്ചില്‍, വേദിയിലിരിക്കുന്നവരുടെ വീട്ടില്‍ ചെയ്യുന പറയാന്‍ പറച്ചില്‍ അങ്ങനെ നിരവധി കാര്യങ്ങളുണ്ട്.
എന്നാല്‍, നിയമസഭയില്‍ പ്രതിപക്ഷത്തോട് സന്ധിയില്ലാ വാദപ്രതിവാദത്തില് ഏര്‍പ്പെടുമ്പോഴൊന്നും തന്റെ വായില്‍ നിന്നും ഒരക്ഷരം പോലും അനാവശ്യമായി വീഴാതിരിക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചിരുന്നു എന്നത് വസ്തുതയാണ്. അടുത്തിരിക്കുന്നവര്‍ക്കു പോലും സംസാരിക്കാന്‍ ഭയമാണോ എന്നുപോലും ചിന്തിപ്പിച്ചിട്ടുണ്ട്. എന്നാല്‍, അന്നത്തെ പ്രതിപക്ഷ നേതാവ് ഇന്നത്തെ മുഖ്യമന്ത്രി ആയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. അടുത്തിരിക്കുന്നവവര്‍ക്കും, പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും ഒരുപോലെ സംസാരിക്കാനാവും. പക്ഷെ, രഹസ്യങ്ങളെല്ലാം പരസ്യം പോലെ മൈക്കും പിടിച്ചു സോഷ്യല്‍ മീഡിയയ്ക്ക് കൊടുക്കും.
അതിലൊന്നാണ് പൂക്കി മുഖ്യമന്ത്രിയുടെ ആംഗ്യം. ഇപ്പോഴിതാ കുട്ടനാട്ടുകാരുടെ മൂലം വള്ളംകളിക്ക് പ്രാദേശിക അവധിയുടെ പേരില്‍ മുഖ്യമന്ത്രി പറഞ്ഞ കടുത്ത രഹസ്യം പരസ്യമായിരിക്കുന്നു. ഒരു കാരണവശാലും അവധി കൊടുക്കില്ലെന്നായിരുന്നു രഹസ്യം. എന്നാല്‍, നിയമസഭയില്‍ പരസ്യമായി പറഞ്ഞതോ, സര്‍ക്കാര്‍ പരിശോധിച്ച് തീരുമാനിക്കുമെന്നാണ്. ഇതാണ് വി.കെ. പ്രശാന്ത് തന്റെ ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഈ നിലപാട് കുട്ടനാട് നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള വിയോജിപ്പാണ് പ്രകടിപ്പിക്കുന്നത്. കുട്ടനാട്ടുകാര്‍ വിജയിപ്പിച്ചു വിട്ടിരിക്കുന്ന എം.എല്‍.എ ആ നാട്ടിലെ പ്രാദേശിക ആവശ്യങ്ങള്‍ കൂടി നിറവേറ്റേണ്ട ആള്‍ കൂടിയാണ്. ആ നിലയ്ക്കാണ് ആവശ്യം ഉന്നയിച്ചത്. ഒരു കാരണവശാലും കൊടുക്കില്ല എന്ന വി.ഡി. സതീശന്‍ രഹസ്യമായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ രാഷ്ട്രീയമുണ്ടോ. അതോ വൈരാഗ്യ ബുദ്ധിയാണോ എന്ന് ചിന്തിച്ചു പോകും.
















