തമ്മിലടി തുടരുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കൗണ്‍സില്‍ തമ്മില്‍ത്തല്ല് കേന്ദ്രമായി മാറി. ഇന്ന് നടന്ന കൗണ്‍സില്‍ അക്ഷാര്‍ത്ഥത്തില്‍ തല്ല് മാല കൗണ്‍സിലായി മാറി. കഴിഞ്ഞ ദിവസം മേയറെ ഓഫീസില്‍ കയാറ്റാതെ എല്‍.ഡി.എഫ് നടത്തിയ ഉപരോധത്തെ തുടര്‍ന്ന് തമ്മില്‍ത്തല്ലുണ്ടായിരുന്നു. ഇതില്‍ മേയറുടെ കാലിന് ഡിസ്ലൊക്കേഷന്‍ ഉണ്ടായി. ഇതു കഴിഞ്ഞാണ് ഇന്ന് നടന്ന കോര്‍പ്പറേഷനില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാരുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ തമ്മില്‍ത്തല്ലുണ്ടായത്. ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സി.പി.എമ്മും
കോണ്‍ഗ്രസും ബി.ജെ.പിക്കെതിരെ പ്രതിഷേധിച്ചതോടെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ വലിയ സംഘര്‍ഷം ഉടലെടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ റജിസ്റ്ററില്‍ ഒപ്പിടാന്‍ ശ്രമിച്ചത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ തടഞ്ഞതാണ് തല്ലിലേക്ക് വഴിവെച്ചത്. യു.ഡി.എഫ് കൗണ്‍സിലര്‍ ശബരീനാഥനും ചെമ്പഴന്തി ഉദയനും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉദയന്റെ ഷര്‍ട്ട് കീറിയതായി ബി.ജെ.പി ആരോപിച്ചു. വനിതാ അംഗങ്ങളെ ബി.ജെ.പി അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി യു.ഡി.എഫും ആരോപിച്ചു.
കൗണ്‍സില്‍ 5 മിനിട്ടുകൊണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരുക്കേറ്റ സി.പി.എം കൗണ്‍സിലര്‍മാര്‍ മെഡിക്കല്‍ കോളജില്‍നിന്ന് വീല്‍ചെയറിലാണ് കൗണ്‍സില്‍ യോഗത്തിനെത്തിയത്. ബിജെപി കൗണ്‍സിലറും കാപ്പ കേസ് പ്രതിയുമായ ആര്‍.സുഗതന്റെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും തുടക്കം മുതല്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. മേയര്‍ വി.വി.രാജേഷ് സീറ്റിലെത്തിയതോടെ പ്രതിഷേധം ശക്തമായി. സി.പി.എം മെഡിക്കല്‍ കോളജ് കൗണ്‍സിലര്‍ സിന്ധു, കാട്ടായിക്കോണം കൗണ്‍സിലര്‍ സിന്ധുശശി അണമുഖം കൗണ്‍സിലര്‍ വീണ എന്നിവരെ ആംബുലന്‍ലസില്‍ കോര്‍പ്പറേഷന്‍ വളപ്പില്‍ എത്തിച്ചു. അതിനുശേഷം വീല്‍ചെയറില്‍ ഹാളിലേക്ക് ഇവരെ എത്തിച്ചപ്പോള്‍ ബഹളം ശക്തമായി.
പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി പ്രവര്‍ത്തകരും പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ചു. ബഹളം ശക്തമായതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മേയര്‍ വി.വി.രാജേഷ് കൗണ്‍സില്‍ യോഗം അവസാനിപ്പിച്ചു. റജിസ്റ്ററില്‍ ഒപ്പിടാന്‍ യു.ഡി.എഫ് അംഗങ്ങള്‍ ശ്രമിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. മിനിട്‌സില്‍ ഒപ്പിടുമ്പോള്‍ ചെമ്പഴന്തി ഉദയന്‍ യു.ഡി.എഫ് വനിതാ അഗങ്ങളെ അടക്കം ആക്രമിച്ചതായി ശബരീനാഥന്‍ പറഞ്ഞു. ശുചിത്വപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്നും സുഗതന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ മേയര്‍ തയാറായില്ലെന്നും സി.പി.എം കൗണ്‍സിലര്‍ എസ്.പി. ദീപക് പറഞ്ഞു. വന്‍ പൊലീസ് സന്നാഹമാണ് കോര്‍പറേഷന്‍ പരിസരത്ത് ഉണ്ടായിരുന്നത്.
















