തദ്ദേശ തെരഞ്ഞെടുപ്പില്‍ കടുത്ത ത്രികോണ മത്സരം തന്നെയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ നടന്നത്. ഇപ്പോള്‍ കോര്‍പ്പറേഷനിലെ ഭരണം പോലും ത്രികോണ തമ്മില്‍ത്തല്ലിലൂടെയാണ് നടക്കുന്നതും. മത്സര ബുദ്ധിയോടെ ഇടവേളകളിട്ട് പരസ്പരം തമ്മില്‍ത്തല്ലാന്‍ അവസരങ്ങള്‍ നല്‍കുക്കൊണ്ടുള്ള രാഷ്ട്രീയ തന്ത്രം ഇവിടെ കാണാനാകും. സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസായതു കൊണ്ട് തല്ലിയാലും, തല്ലു കൊണ്ടാലും കേസും കൂട്ടവുമെല്ലാം എതിര്‍ പക്ഷത്തായിരിക്കും. കേന്ദ്രത്തില്‍ ഭരണമുള്ളതു കൊണ്ട് വലിയ കാര്യമൊന്നും കേരളത്തിലില്ലെങ്കിലും തലസ്ഥാന നഗരസഭയുടെ ഭരണം പിടിച്ചതു കൊണ്ട് തങ്ങളും ഒട്ടും മോശമല്ലെന്ന് ബി.ജെ.പിയും കാട്ടിക്കൊടുക്കുന്നുണ്ട്. കേരളം തങ്ങളുടേതു മാത്രമാണെന്നും ഇപ്പോള്‍ നഷ്ടപ്പെട്ട ഭരണം താത്ക്കാലിക മാറ്റം മാത്രമാണെന്നും ശക്തമായി തിരിച്ചു വരുമെന്നുമുള്ള വിശ്വസത്തില്‍ ഉടലെടുത്ത ധാര്‍ഷ്ഠ്യം കുറയ്ക്കാതെ എല്‍.ഡി.എഫും കട്ടക്ക് നില്‍ക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഭരണം പിടിക്കാന്‍ യു.ഡി.എഫും അട്ടിമറിക്കാന്‍ ബി.ജെ.പിയും നടത്തിയ ത്രികോണ മത്സരത്തില്‍ ബി.ജെ.പി ഭൂരിപക്ഷം നേടി ഒറ്റകക്ഷി ആയെങ്കിലും ഭരിക്കാന്‍ സ്വതന്ത്രരുടെ സഹായം വേണ്ടിവന്നു. ചരിത്രത്തില്‍ ആദ്യമായി തലസ്ഥാനം പിടിച്ച സന്തോഷം ബി.ജെ.പിക്ക്. 35 വര്‍ഷത്തെ രാജകീയ അധികാരം കൈവിട്ടതോടെ വിറളി പിടച്ചപോലെ എല്‍.ഡി.എഫ്. ആകെ നാണംകെട്ട് യു.ഡി.ഫുമാണ് കൗണ്‍സിലില്‍ തമ്മില്‍ത്തല്ല് നടത്തുന്നത്. കോര്‍പ്പറേഷനിലെ നിരവധി വിഷയങ്ങളില്‍ ഉത്തരം കണ്ടെത്തിക്കൊണ്ടിരിക്കുമ്പോഴാണ് ബി.ജെ.പി കൗണ്‍സിലറെ കാപ്പ കേസില്‍ പോലീസ് പൊക്കുന്നത്. ഇതോടെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയില്‍ ആശങ്കയുണ്ടായി.
കിട്ടിയ തക്കം നോക്കി ബി.ജെ.പി ഭരണത്തെ മറിച്ചിടാന്‍ കഴിയുമോ എന്ന് നോക്കി എല്‍.ഡി.എഫ് സുഗതനെ അയോഗ്യനാക്കണണെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങി. ഇതിനിടയില്‍ ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി അംഗങ്ങള്‍ ഒന്നുകൂടി സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതി ഉത്തരവും വന്നു. ഇതോടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയവര്‍ രാജിവെച്ച് വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സമരം കടുപ്പിച്ചു. നഗരസഭയുടെ മുമ്പില്‍ കുത്തിയിരുന്ന് കുറച്ചു ദിവസം സമരം ചെയ്ത എല്‍.ഡി.എഫിനെ ആരും മൈന്‍ഡു ചെയ്യുന്നില്ല എന്നു മനസ്സിലാക്കിയതോടെ സമരത്തിന്റെ രൂപം മാറ്റി മേയറുടെ ഓഫീസിന്റെ നടയിലേക്കാക്കി. മേയര്‍വന്നതും തമ്മില്‍ത്തല്ല് തുടങ്ങി. ബി.ജെ.പി എല്‍.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ നടന്ന കൂട്ടപ്പൊരിച്ചില്‍ കഴിഞ്ഞപ്പോള്‍ 15 ഓലം പേര്‍ ആശുപത്രിയിലായി. എല്ലൊടിഞ്ഞും, കുഴതെറ്റിയും, കൈയ്യില്‍ നീരു വന്നും, ശര്‍ദ്ദിച്ചും തലച്ചുറ്റിയുമൊക്കെ കൗണ്‍സിലര്‍മാര്‍ വീണു.
വിഷയത്തില്‍ മേയര്‍ അടക്കമുള്ളവര്‍ക്കെതിരേ കേസും വന്നു. മേയരുടെ കാലിന്റെ കുഴ തെറ്റിയതിന്റെ പേരില്‍ കേസുണ്ടോ എന്നറിയില്ല. പക്ഷെ, തള്ളിയവരും, തല്ലിയവരും വീണ്ടും സമരത്തിന്റെ രൂക്ഷമായ തലങ്ങളെ കുറിച്ച് കൂടിയാലോചിച്ചു. ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് ബി.ജെ.പി തമ്മില്‍ത്തല്ലായിരുന്നുവെങ്കില്‍, ഇന്നലെ കൗണ്‍സിലില്‍ യു.ഡി.എഫ് ബി.ജെ.പി തമ്മില്‍ത്തല്ലാണുണ്ടായത്. ആദ്യ തമ്മില്‍ത്തല്ലില്‍ കാഴ്ച്ചാകാരയ യു.ഡി.എഫ്, തങ്ങളും ഒട്ടും ചെരുതല്ലെന്ന് കാണിച്ചു കൊടുക്കുകയായിരുന്നു. കൊക്കില്‍ ജീവനുണ്ടെങ്കില്‍ പൊരുതി ജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ്. ശബരിനാഥന്‍ പറഞ്ഞത്. ഇന്നലെ എല്‍.ഡി.എഫ് കാഴ്ചക്കാരായി നിന്നു. കൗണ്‍സിലിര്‍ പങ്കെടുക്കാന്‍ എല്‍.ഡി.എപുകാര്‍ വന്നതു തന്നെ ആംബുലന്‍സിലും വീല്‍ ചെയറിലും സ്ട്രക്ച്ചറിലുമൊക്കെയാണ്. ഇങ്ങനെ ത്രികോണ മത്സരം പുരോഗണിക്കുമ്പോഴായിരുന്നു ഇന്നലെ കൗണ്‍സില്‍ നടന്നത്.
- അവിടെ നടന്നത് ചുരുക്കത്തില്‍
കഴുത്തിനു കുത്തിപ്പിടിക്കല്‍, ഷര്‍ട്ട് വലിച്ചു കീറല്‍, പരസ്പരം ചൂടുവെള്ളം ഒഴിക്കല്‍, തെറിയും അസഭ്യവും ഒഴിച്ച് അച്ചടി ഭാഷയില്‍ തമ്മില്‍ത്തമ്മില്‍ വിളിക്കാനാവുന്നതെല്ലാം വിളിക്കല്‍, ഉന്തും തള്ളും. ആക്രോശം, പിടിച്ചുതള്ളല്‍, നിലവിളി, ആര്‍ത്ത നാദം, രക്ഷാ പ്രവര്‍ത്തനം തുടങ്ങി ചെയ്യാന്‍ പാടില്ലാത്തതും, ചെയ്യുമ്പോള്‍ പാടുണ്ടാകാന്‍ സാധ്യതയുള്ളതുമെല്ലാം അവിടെ നടന്നു. 4 ദിവസത്തിനിടെ രണ്ടാം തവണയും അക്രമാസക്തമായ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നലെ കണ്ടത് നാണംകെട്ട കയ്യാങ്കളിയാണെന്ന് കേരളത്തിലെ മറ്റു നഗരസഭകള്‍ പറഞ്ഞാല്‍ കുറവാകില്ല. കൗണ്‍സില്‍ ഹാളില്‍ ബി.ജെ.പി- യു.ഡി.എഫ് അംഗങ്ങള്‍ തമ്മിലുള്ള ഏറ്റു മുട്ടലിന് മാര്‍ക്കിടുകയായിരുന്നു എല്‍.ഡി.എഫ്. പിടിവലിയും വാക്കേറ്റവുമായി ഒരു മണിക്കൂറോളം കോര്‍പ്പറേഷന്‍ സംഘര്‍ഷഭരിതമായി.
പരസ്പര ആക്രമണത്തില്‍ യു.ഡി.എഫ് വനിതാ കൗണ്‍സിലര്‍മാരായ എസ്. ഷേര്‍ളിക്ക് കഴുത്തിലും അനിത അലക്‌സിന് കൈക്കും പരുക്കേറ്റു. ഇരുവരെയും ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാക്കി. തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങളുടെ പരാതിയില്‍ 4 ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കൗണ്‍സിലര്‍മാരായ ചെമ്പഴന്തി ഉദയന്‍, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യു.ഡി.എഫ് വനിതാ കൗണ്‍സിലര്‍മാരായ ഷേര്‍ലി. എസ്, അനിത അലക്‌സ് എന്നിവരുടെ പരാതിയിലാണ് നടപടി. കൗണ്‍സില്‍ യോഗത്തിന്റെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടാന്‍ തുടങ്ങിയ പരാതിക്കാരിയായ ഷേര്‍ലിയെയും മറ്റ് വനിതാ കൗണ്‍സിലര്‍മാരെയും പ്രതികള്‍ തടഞ്ഞുവെക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.
ഒന്നാം പ്രതിയായ ചെമ്പഴന്തി ഉദയന്‍ പരാതിക്കാരിയായ ഷേര്‍ലിയെയും അനിത അലക്‌സിനെയും മറ്റ് കൗണ്‍സിലര്‍മാരെയും കൈകൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഷേര്‍ലിയുടെ കഴുത്തിനു പുറകില്‍ ഇയാള്‍ ബലമായി അടിച്ച് വേദനിപ്പിച്ചതായും എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു. ബി.ജെ.പി കൗണ്‍സിലര്‍മാരായ ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവര്‍ വനിതാ കൗണ്‍സിലര്‍മാരെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ പരസ്പരം ഒത്താശ ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പരിക്കുകളോടെ യു.ഡി.എഫ് കൗണ്‍സിലര്‍ ഷേര്‍ലിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷേര്‍ലിയില്‍ നിന്നും മ്യൂസിയം പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മ്യൂസിയം പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനു എസ്. നായര്‍ക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കഴിഞ്ഞ വ്യാഴാഴ്ച മേയര്‍ വി.വി.രാജേഷിന്റെ ചേംബറിനു മുമ്പില്‍ ബി.ജെ.പി-എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മേയര്‍ അടക്കം 15 പേര്‍ക്കു പരുക്കേറ്റിരുന്നു. അന്നു പരുക്കേറ്റ 3 എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ കോര്‍പ്പറേഷന്‍ യോഗത്തിന് എത്തിയത് ആംബുലന്‍സിലും വീല്‍ ചെയറിലുമായാണ്. കാപ്പ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ യോഗം തുടക്കത്തിലേ ബഹളത്തില്‍ മുങ്ങിയിരുന്നു. 5 മിനിറ്റില്‍ അജന്‍ഡകള്‍ പാസാക്കി യോഗം പിരിഞ്ഞതിനു പിന്നാലെയാണ് അസാധാരണ സംഭവങ്ങള്‍ തുടങ്ങിയത്. അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ മേയര്‍ വി.വി.രാജേഷ് ഹാളിലുണ്ടായിരുന്നില്ല.
കോര്‍പ്പറേഷന്‍ യോഗത്തിന്റെ ഹാജര്‍ ബുക്കില്‍ ബി.ജെ.പി കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ബുക്ക് ഉയര്‍ത്തിക്കാട്ടി യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെ.എസ്. ശബരീനാഥന്‍ മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ ബി.ജെ.പി കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍ ബുക്ക് പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി. മറ്റു കൗണ്‍സിലര്‍മാര്‍ 2 ചേരികളിലായി ഒപ്പം ചേര്‍ന്നതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു. പരസ്പരം ചൂടുവെള്ളമൊഴിച്ചതും പ്രകോപനം വര്‍ധിപ്പിച്ചു. ശബരീനാഥനെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉദയന്റെ കൈ കഴുത്തില്‍ അമര്‍ന്നാണ് ഷെര്‍ളിക്കു പരുക്കേറ്റത്.
















