കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് നിയമസഭയില്‍ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുമെന്നും എതിരായതിനെ ശക്തമായി എതിര്‍ക്കുമെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി സഭാ നടപടികളോട് പരമാവധി നല്ല രീതിയില്‍ സഹകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കടുത്ത അനുഭവങ്ങളാണ് പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നില്ല എന്നാണ് വ്യക്തമായത്. വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് കാര്യാപദേശക സമിതിയിലും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത പ്രതിപക്ഷത്തെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധനകാര്യ ബില്ലിലൂടെ ചില മദ്യ കമ്പനികളെ സഹായിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബില്ല് പാസാക്കാന്‍ അനാവശ്യമായ ധൃതിയും വാശിയുമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രി തന്നെയാണ് ഇതിനായി കടുംപിടിത്തം കാണിച്ചത്. മദ്യ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കണമെന്ന കടുത്ത വാശി മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്നും, മുന്നണി വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ടെന്നുവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം വെറും പ്രഹസനമാക്കി മാറ്റി. പരസ്യമായി നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ധനകാര്യ ബില്‍ സഭയില്‍ പാസാക്കിക്കഴിഞ്ഞ ശേഷം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് പ്രസക്തിയെന്നും പിണറായി വിജയന്‍ ചോദിച്ചു.
മുഖ്യമന്ത്രി ഒഴികെ ഭരണനേതൃത്വത്തിലുള്ള ആരും തന്നെ ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വിവിധ സാമുദായിക സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതൊന്നും വകവയ്ക്കില്ലെന്ന കടുംപിടുത്തമാണ് മുഖ്യമന്ത്രി കാട്ടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോള്‍ മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനാകുന്നത് കണ്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ധനബില്‍ സബ്ജക്ട് കമ്മിറ്റിയില്‍ കൊണ്ടുവന്നില്ലെന്ന ന്യായീകരണമാണ് മുഖ്യമന്ത്രി നിരത്തുന്നത്. എന്നാല്‍ അതില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നികുതി നിര്‍ദ്ദേശങ്ങളുള്ള ഈ ധനബില്ലും അതുമായി എന്താണ് ബന്ധം? നികുതി നിര്‍ദ്ദേശമുള്ള ധനബില്‍ എല്ലാകാലത്തും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീവറേജസ് കോര്‍പ്പറേഷനോ സര്‍ക്കാരോ ഇത്തരത്തില്‍ മദ്യം വില്‍ക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നില്ല. വില്‍ക്കാന്‍ തീരുമാനമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ നികുതിയിളവ് നല്‍കുന്നത്? ഭാവിയില്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനാണോ ഈ നിയമനിര്‍മ്മാണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബക്കാര്‍ഡി കമ്പനിക്ക് നിയമവിരുദ്ധമായി ഇളവ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് മുന്‍കൈയെടുക്കുകയാണുണ്ടായത്. ഇതിനായി നിയമനിര്‍മാണ സഭയെ പൂര്‍ണമായും ദുരുപയോഗം ചെയ്തു. നികുതി കുറച്ചത് കൊണ്ട് സര്‍ക്കാരിന് വലിയ നഷ്ടമല്ലാതെ മറ്റെന്താണ് ലാഭമുള്ളത്. മദ്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ മാത്രമാണ് ഈ തീരുമാനം ഉപകരിക്കുക. മദ്യം വില്‍ക്കാന്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് ഇനി കോടതിയെ സമീപിക്കാനും അനുകൂല ഉത്തരവ് നേടിയെടുക്കാനും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
















