മാരിടൈം ബിസിനസ് ബുള്ളറ്റിന്റേയും, വേൾഡ് മലയാളി കൗൺസിൽ – ബ്ലൂ ഇക്കോണമി ഗ്ലോബൽ ഫോറത്തിന്റേയും നേതൃത്വത്തിൽ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി, വിവിധ അക്കാദമിക്, വ്യവസായ, സാമൂഹിക സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സമുദ്ര മിഷൻ 2026 എന്ന പേരിൽ ദേശീയ മാരിടൈം സെമിനാർ, എക്സിബിഷൻ, അനുബന്ധ പരിപാടികൾ എന്നിവ 2026 ജൂലൈ 15-ന് രാവിലെ 9.00 മുതൽ രാത്രി 9.30 വരെ തിരുവനന്തപുരത്ത് തമ്പാനൂർ ഡിമോറോ ഹോട്ടലിൽ സംഘടിപ്പിക്കുന്നു. 15 ന് രാവിലെ 9.00 മുതൽ 12.00 വരെ ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മാത്രമായി പ്രത്യേക കരിയർ ഗൈഡൻസ്, നൈപുണ്യ വികസന, സംരംഭകത്വ സെഷനുകളും നടക്കും.
ഉച്ചയ്ക്ക് 2.00 മുതൽ രാത്രി 9.30 വരെ ഔദ്യോഗിക ചടങ്ങും, ദേശീയ-അന്തർദേശീയ വിദഗ്ധർ പങ്കെടുക്കുന്ന പ്രൊഫഷണൽ സെഷനുകളും സംഘടിപ്പിക്കും. ബ്ലൂ ഇക്കോണമി, മാരിടൈം മേഖല, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കേരളത്തിലെ നോൺ-മേജർ തുറമുഖങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക്സ്, കയറ്റുമതി–ഇറക്കുമതി, സമുദ്ര ടൂറിസം, നിക്ഷേപം, വിദ്യാഭ്യാസം, തൊഴിൽ, നൈപുണ്യ വികസനം, സമുദ്ര നിയമം, പരിസ്ഥിതി സംരക്ഷണം, വ്യവസായ വളർച്ച എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ അവസരങ്ങൾ, സാധ്യതകൾ, വെല്ലുവിളികൾ, ഭാവി വികസന കാഴ്ചപ്പാടുകൾ എന്നിവയെക്കുറിച്ച് പ്രമുഖ വിദഗ്ധർ സെമിനാറിൽ പ്രഭാഷണം നടത്തും.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ നിർവഹിക്കും. ചടങ്ങിൽ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി.കെ കുഞ്ഞാലിക്കുട്ടി, ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി.സി വിഷ്ണുനാഥ്, എന്നിവരും, മറ്റു ജനപ്രതിനിധികൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, നിക്ഷേപകർ, മാരിടൈം-ബ്ലൂ ഇക്കോണമി മേഖലയിലെ ദേശീയ-അന്തർദേശീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കപ്പെട്ട അതിഥികൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്ത് അംഗീകൃത പാസ് നേടിയവർക്കും മാത്രമാണ് പ്രവേശനമെന്ന് സംഘാടക സമിതിക്ക് വേണ്ടി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ബേബി മാത്യു സോമതീരം, ഗ്ലോബൽ ഗുഡ് വിൽ അംബാസിഡൽ ശ്രീ ജോണി കുരുവിള, കേരള സമുദ്ര മിഷൻ സംഘാടക സമിതി ചെയർമാനും മാരിടൈം ബിസിനസ് ബുള്ളറ്റിൻ ചീഫ് എഡിറ്ററുമായ ശ്രീ. നാണു വിശ്വനാഥ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
















